35 ഓവറിലെ മൂന്നാം പന്തില്‍ ഇഷാന്‍ കിഷന്‍ ഒരു സിംഗിളിന് വേണ്ടി ശ്രമിക്കുകയായിരുന്നു. കവര്‍ ഫീല്‍ഡര്‍ ഹെന്റി നിക്കോളാസിന്റെ കൈകളിലേക്കാണ് പന്ത് പോയത്. ആദ്യം സിംഗിളിന് വേണ്ടി കോള്‍ ചെയ്ത ഇഷാന്‍ കിഷന്‍ ഓടിപൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ ആ ശ്രമം ഉപേക്ഷിച്ചു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന വിരാട് കോലി തിരിച്ച് ഓടിയില്ല. ഇതാണ് ഇഷാന്‍ കിഷന്റെ വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണമായത്. 24 പന്തില്‍ 17 റണ്‍സെടുത്താണ് കിഷന്‍ പുറത്തായത്.
സിംഗിളിന് വേണ്ടി ആദ്യം കോള്‍ ചെയ്തത് ഇഷാന്‍ കിഷന്‍ തന്നെയാണ്. കിഷന്‍ ഓടാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഉടനടി കാര്യം അത്ര പന്തിയല്ലെന്ന് മനസ്സിലാക്കിയ കിഷന്‍ തിരിച്ച് ക്രീസിലേക്ക് കയറാന്‍ ശ്രമിക്കുകയും കോലിയോട് തിരിച്ച് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോലി ഇത് കേട്ടില്ല. കോലി അതിവേഗം സ്‌ട്രൈക്കര്‍ എന്‍ഡിലെ ക്രീസിലേക്ക് ഓടിക്കയറി. ഇഷാന്‍ കിഷന്‍ ക്രീസിന് പുറത്തും നിന്നു. അങ്ങനെ കിഷന് വിക്കറ്റ് നഷ്ടമായി.
അതേസമയം, ഇത് കോലിയുടെ പിഴവാണെന്നാണ് വിമര്‍ശനം. പന്ത് ഫീല്‍ഡറുടെ കൈകളില്‍ എത്തിയപ്പോള്‍ സിംഗിളിനുള്ള ശ്രമം ഇഷാന്‍ കിഷന്‍ ഉപേക്ഷിക്കുന്നുണ്ട്. ആ സമയത്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് തിരിച്ച് ഓടിക്കയറാന്‍ കോലി ശ്രമിച്ചിരുന്നെങ്കില്‍ ഇഷാന്‍ കിഷന് വിക്കറ്റ് നഷ്ടമാകില്ലായിരുന്നു എന്നാണ് വീഡിയോ പങ്കുവെച്ച് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. കോലി സെല്‍ഫിഷ് ആയി പ്രവൃത്തിച്ചതുകൊണ്ടാണ് കിഷന് വിക്കറ്റ് നഷ്ടമായതെന്നും ഇന്ത്യന്‍ ആരാധകര്‍ വിമര്‍ശിച്ചു.