IPL 2023: മഴ പെയ്യാന്‍ സാധ്യത ! ഗുജറാത്തിനെ ചാംപ്യന്‍മാരായി പ്രഖ്യാപിക്കുമോ?

Webdunia
തിങ്കള്‍, 29 മെയ് 2023 (15:32 IST)
IPL 2023: ശക്തമായ മഴയെ തുടര്‍ന്ന് ഇന്നേക്ക് മാറ്റിയ ഐപിഎല്‍ ഫൈനലിന്റെ കാര്യം അനിശ്ചിതത്വത്തില്‍. ഇന്നലെത്തേക്കാള്‍ കാലാവസ്ഥ മെച്ചപ്പെട്ടെങ്കിലും രാത്രിയോടെ വീണ്ടും മഴയ്ക്ക് സാധ്യത. നിലവില്‍ തെളിഞ്ഞ കാലാവസ്ഥയാണ് അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും പരിസര ഭാഗങ്ങളിലും. എന്നാല്‍ മഴ സാധ്യത പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം. മഴ മാറി നിന്നാല്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമായ മത്സരമാകുമെന്നാണ് വിലയിരുത്തല്‍. 
 
മഴ മൂലം പ്ലേ ഓഫ് മത്സരങ്ങള്‍ നടന്നില്ലെങ്കില്‍ തൊട്ടടുത്ത ദിവസം റിസര്‍വ് ഡേയായി തീരുമാനിച്ചിട്ടുണ്ട്. അത് പ്രകാരമാണ് ഇന്ന് ഫൈനല്‍ മത്സരം നടക്കേണ്ടത്. ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. അതേസമയം, ഇന്നും മഴ മൂലം മത്സരം നടന്നില്ലെങ്കില്‍ എന്ത് സംഭവിക്കും? ചട്ടം അനുശാസിക്കുന്നത് ഇങ്ങനെ: 
 
ഇന്നും മഴ മൂലം മത്സരം വൈകിയാല്‍ ഏറ്റവും ചുരുങ്ങിയത് അഞ്ച് ഓവര്‍ മത്സരമെങ്കിലും നടത്താനാണ് തീരുമാനം. അഞ്ച് ഓവര്‍ മത്സരവും സാധ്യമല്ലെങ്കില്‍ സൂപ്പര്‍ ഓവര്‍ നടത്തി വിജയികളെ തീരുമാനിക്കുകയാണ് അടുത്ത വഴി. ചിലപ്പോള്‍ സൂപ്പര്‍ ഓവര്‍ നടത്താന്‍ പോലും സാധിക്കാത്ത വിധം മഴ ശല്യമായേക്കാം. അങ്ങനെ വന്നാല്‍ അത് ചെന്നൈ സൂപ്പര്‍ കിങ്സിന് തിരിച്ചടിയാകും. 
 
മഴയെ തുടര്‍ന്ന് റിസര്‍വ് ഡേയിലും മത്സരം പൂര്‍ണമായി ഉപേക്ഷിക്കുകയാണെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വിജയികളായി പ്രഖ്യാപിക്കും. കാരണം ഗ്രൂപ്പ് ഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനേക്കാള്‍ പോയിന്റ് കൂടുതല്‍ ഗുജറാത്ത് ടൈറ്റന്‍സിനാണ്. 
 
' തടസ്സമില്ലാതെ സൂപ്പര്‍ ഓവര്‍ പോലും നടത്താന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ ലീഗ് ഘട്ടത്തില്‍ 70 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആരാണോ പോയിന്റ് ടേബിളില്‍ മുന്നില്‍ നില്‍ക്കുന്നത് അവരെ വിജയികളായി പ്രഖ്യാപിക്കും' നിയമത്തില്‍ പറയുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article