വീരു വീരനായി; പഞ്ചാബ് മിന്നിത്തിളങ്ങി

Webdunia
ശനി, 31 മെയ് 2014 (10:30 IST)
ഐപിഎല്‍ ഏഴാം സീസണില്‍ കരുത്തന്മാരായ ചെന്നൈയ്യുടെ തേരോട്ടങ്ങള്‍ക്ക് പഞ്ചാബ് കൂച്ചുവിലങ്ങിട്ടു. അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച വീരേന്ദര്‍ സേവാഗിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന്  24 റണ്‍സിന്റെ വിജയം.

ഇതോടെ ജൂണ്‍ 1ന് നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി കിംഗ്സ് ഇലവന്‍ പഞ്ചാബ് കൊമ്പുകോര്‍ക്കും. പഞ്ചാബ് ഉയയര്‍ത്തിയ 227 റണ്‍സ് എന്ന റണ്‍മലയ്ക്കു മുന്നില്‍ ലീഗിലെ ശക്തരായ ചെന്നൈ ബാറ്റിംഗ് നിര പൊരുതിയെങ്കിലും പോരാട്ടം നിശ്ചിത 20 ഓവറില്‍ 202/7 എന്ന നിലയില്‍ അവസാനിച്ചു.

ചെന്നൈ ബൗളിംഗ് നിരയെ വീരേന്ദര്‍ സെവാഗ് നിലം തൊടാതെ പറപ്പിക്കുന്ന കാഴ്ച്ചയ്ക്കാണ് വെള്ളിയാഴ്ച്ച മുംബയ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 58 പന്തില്‍ എട്ട് സിക്സറും 12 ഫോറുകളുമായി 122 റണ്‍സ് തന്റെ പേരിലെഴുതിയ വീരു തന്നെയായിരുന്നു കളിയിലെ താരം.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിരയില്‍ സുരേഷ് റെയ്ന(87)​,​ ക്യാപ്റ്റന്‍ എം.എസ്. ധോണി(42)​ എന്നിവര്‍ തിളങ്ങിയെങ്കിലും പഞ്ചാബ് ഉയര്‍ത്തിയ ലക്ഷ്യത്തെ മറികടക്കാന്‍ പോന്നതായിരുന്നില്ല അവയൊന്നും. പഞ്ചാബിന് വേണ്ടി പര്‍വ്വീന്ദര്‍ അവാന 2 വിക്കറ്റുകള്‍ നേടി.