ആ ആദ്യ ഓവറിന് ഇന്ത്യക്കാർ ഇപ്പോഴും എന്നോട് ക്ഷമിച്ചിട്ടില്ല: മഗ്രാത്ത്

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2023 (20:02 IST)
1983ന് ശേഷം ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടില്ലാത്ത ഇന്ത്യയ്ക്ക് വലിയ സ്വപ്നങ്ങള്‍ നല്‍കിയ ലോകകപ്പായിരുന്നു 2003ലേത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസത്താരത്തിന്റെ തോളിലേറി ഫൈനല്‍ വരെ ഇന്ത്യ മുന്നേറിയപ്പോള്‍ ഫൈനലില്‍ എതിരാളികളായി ഇന്ത്യയ്ക്ക് മുന്നിലെത്തിയത് മൈറ്റി ഓസീസായിരുന്നു. ഏത് ടീമും ഭയപ്പെടുന്ന ആര്‍ക്കും തന്നെ തോല്‍പ്പിക്കാന്‍ കഴിയാത്ത വിധം ശക്തമായിരുന്ന ടീമിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗാണ് തിരെഞ്ഞെടുത്തത്.
 
ഡാമിയല്‍ മാര്‍ട്ടിന്റെയും നായകന്‍ റിക്കി പോണ്ടിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ലോകകപ്പ് ഫൈനലില്‍ 360 റണ്‍സ് എന്ന വിജയലക്ഷ്യമാണ് ഓസീസ് മുന്നോട്ട് വെച്ചത്. എന്നാല്‍ ലോകകപ്പ് കിരീടമെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ ആദ്യ ഓവറില്‍ തന്നെ ഓസീസ് അവസാനിപ്പിച്ചു. ഗ്ലെന്‍ മഗ്രാത്ത് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഇന്ത്യന്‍ സ്വപ്നങ്ങള്‍ ചുമലിലേറ്റിയിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്ത്. ലോകകപ്പ് കഴിഞ്ഞ് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിട്ടും താന്‍ എറിഞ്ഞ ആ ആദ്യ ഓവറിന് ഇന്ത്യക്കാര്‍ മാപ്പ് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഓസീസ് പേസറായ ഗ്ലെന്‍ മഗ്രാത്ത്.
 
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ടൂറിനിടെയുള്ള ഒരു മത്സരത്തിനിടെയില്‍ സംഘടിപ്പിച്ച എക്‌സ്ട്രാ ഇന്നിംഗ്‌സ് എന്ന പരിപാടിയിലാണ് മഗ്രാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. സച്ചിന്‍ ക്രീസില്‍ ഉള്ളത് വരെ ജയമെന്ന സ്വപ്നം ഉണ്ടായിരുന്ന ഇന്ത്യന്‍ ആരാധകരെ ഒരൊറ്റ ഓവര്‍ കൊണ്ടാണ് മഗ്രാത്ത് തോല്‍വിയുടെ കാണക്കയങ്ങളിലേക്ക് തള്ളിവിട്ടത്. പിന്നാലെ വന്ന ബാറ്റര്‍മാരെല്ലാം കൂടാരം കയറിയപ്പോള്‍ സെവാഗും ദ്രാവിഡും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. മത്സരത്തില്‍ 39.2 ഓവറില്‍ ഇന്ത്യ ഓളൗട്ടാകുമ്പോള്‍ 234 റണ്‍സാണ് ടീം സ്വന്തമാക്കിയത്. സെവാഗ് ഇന്ത്യയ്ക്ക് വേണ്ടി 82 റണ്‍സും ദ്രാവിഡ് 47 റണ്‍സും നേടി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article