ഒടുവിൽ കോലിയും വഴങ്ങി, ആയുഷ് ബദോനിക്ക് കീഴിൽ ഡൽഹിക്കായി രഞ്ജിയിൽ കളിക്കും

അഭിറാം മനോഹർ

ചൊവ്വ, 21 ജനുവരി 2025 (12:08 IST)
നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കാനാണ് താരം സന്നദ്ധത അറിയിച്ചത്. ഈ മാസം 30ന് റെയില്‍വേസിനെതിരെ നടക്കുന്ന മത്സരത്തില്‍ കളിക്കാമെന്ന് കോലി അറിയിച്ചതായി ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. 2012ല്‍ ഉത്തര്‍പ്രദേശിനെതിരെയാണ് കോലി അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്. അന്ന് ആദ്യ ഇന്നിങ്ങ്‌സില്‍ 4 റണ്‍സിന് പുറത്തായ കോലി രണ്ടാം ഇന്നിങ്ങ്‌സില്‍ 43 റണ്‍സ് നേടിയിരുന്നു.
 
അന്ന് വിരേന്ദര്‍ സെവാഗിന്റെ നായകത്വത്തിന് കീഴിലാണ് കോലി കളിച്ചത്. ഗൗതം ഗംഭീര്‍, ഉന്‍മുക്ത് ചന്ദ്, ഇശാന്ത് ശര്‍മ, ആശിഷ് നെഹ്‌റ എന്നിവരും അന്ന് ടീമിന്റെ ഭാഗമായിരുന്നു. നേരത്തെ കഴുത്ത് വേദനയെ തുടര്‍ന്ന് 23ന് സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ നിന്നും കോലി പിന്മാറിയിരുന്നു. നിലവില്‍ ആയുഷ് ബദോനിയുടെ നേതൃത്വത്തില്‍ കളിക്കുന്ന ഡല്‍ഹി ഗ്രൂപ്പ് ഡിയില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയും ഇത്തവണ ഏറെക്കാലത്തിന് ശേഷം രഞ്ജി ട്രോഫിയില്‍ കളിക്കുന്നുണ്ട്. 23ന് ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടിയാണ് രോഹിത് കളിക്കുക. അജിങ്ക്യ രഹാനെ നയിക്കുന്ന ടീമില്‍ ശ്രേയസ് അയ്യര്‍, ശിവം ദുബെ, തനുഷ് കൊട്ടിയാന്‍, ഷാര്‍ദൂല്‍ ഠാക്കൂര്‍ മുതലായ താരങ്ങളുമുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍