Sourav Ganguly about Virat Kohli: 'അത് സച്ചിനല്ല'; ലോകം കണ്ട ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ കോലിയെന്ന് ഗാംഗുലി

രേണുക വേണു

ചൊവ്വ, 21 ജനുവരി 2025 (10:33 IST)
Sourav Ganguly about Virat Kohli: ലോകം കണ്ട ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ വിരാട് കോലി ആണെന്ന് ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ മുന്‍ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. അതേസമയം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ കോലിയുടെ പ്രകടനത്തില്‍ ഗാംഗുലി നിരാശ പ്രകടിപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കോലിക്ക് വലിയ വെല്ലുവിളിയായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത് എന്ന നിലയിലുള്ള ക്രിക്കറ്ററാണ് വിരാട് കോലി. വുമണ്‍ ക്രിക്കറ്റില്‍ ജുലാന്‍ ഗോസ്വാമി, മിതാലി രാജ് എന്നിവരെ പോലെ പുരുഷ ക്രിക്കറ്റില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ക്രിക്കറ്ററായി കോലിയെ കാണാം. രാജ്യാന്തര കരിയറില്‍ 80 സെഞ്ചുറികള്‍ നേടുകയെന്നത് തികച്ചും അവിശ്വസനീയമായ കാര്യമാണ്. എന്നെ സംബന്ധിച്ചിടുത്തോളം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകം കണ്ട ഏറ്റവും മികച്ച താരം കോലിയാണ്,' ഗാംഗുലി പറഞ്ഞു. 
 
' പെര്‍ത്തിലെ സെഞ്ചുറിക്ക് ശേഷം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ കോലി ബാറ്റ് ചെയ്യുന്നതു കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ആശ്ചര്യപ്പെട്ടു. പെര്‍ത്തിലെ സെഞ്ചുറിക്ക് മുന്‍പ് കോലി ഏറെ ബുദ്ധിമുട്ടിയിരുന്നു. ആ സെഞ്ചുറിക്ക് ശേഷം അദ്ദേഹം തിരിച്ചെത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അത് സംഭവിച്ചില്ല. ലോകത്തിലെ എല്ലാ താരങ്ങള്‍ക്കും അവരുടേതായ കുറവുകളും മികവുകളും ഉണ്ട്. കോലിയില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പര അദ്ദേഹത്തിനു വലിയ വെല്ലുവിളിയായിരിക്കും. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയെ കുറിച്ച് എനിക്ക് വലിയ വേവലാതി ഇല്ല. കാരണം നേരത്തെ പറഞ്ഞതു പോലെ ലോകം കണ്ട ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററാണ് അദ്ദേഹം.' ഗാംഗുലി കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍