ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാർ ആരെന്ന് രോഹിത്തിനറിയാം, ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതിൽ സുരേഷ് റെയ്ന

അഭിറാം മനോഹർ

തിങ്കള്‍, 20 ജനുവരി 2025 (15:58 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഉപനായകനാക്കി ശുഭ്മാന്‍ ഗില്ലിനെ നിയമിച്ച തീരുമാനം പല ആരാധകരുടെയും നെറ്റി ചുളുപ്പിച്ച ഒന്നായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ എന്ന ഓപ്ഷന്‍ നിലനിലെക്കെയാണ് ശുഭ്മാന്‍ ഗില്ലിനെ ഉപനായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിച്ചത്. ടീ സെലക്ഷനിടെ പരിശീലകനായ ഗൗതം ഗംഭീര്‍ ഹാര്‍ദ്ദിക്കിനായി വാദിച്ചെങ്കിലും രോഹിത്തും അഗാര്‍ക്കറുമാണ് ഗില്ലിനെ പിന്തുണച്ച് രംഗത്ത് വന്നത്.
 
ഗില്ലിനെ ഉപനായകനാക്കിയത് ശരിയായ തീരുമാനമാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സുരേഷ് റെയ്‌ന. അടുത്തത് ടീമിനെ ആര് നയിക്കണമെന്ന കാര്യത്തില്‍ രോഹിത്തിന് കൃത്യമായ ധാരണയുണ്ട്. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ശുഭ്മാന്‍ ഗില്ലാണെന്നാണ് ഞാന്‍ കരുതുന്നത്. ഏകദിനത്തില്‍ മികച്ച പ്രകടനമാണ് അവന്‍ നടത്തുന്നത്. ഒരു ഐസിസി ടൂര്‍ണമെന്റില്‍ അവന്‍ ഉപനായകനാകുന്നു എന്നത് നല്ല ലക്ഷണമാണ്. ഒരു യുവതാരത്തിന് അത്തരം അവസരം നല്‍കുമ്പോള്‍ അത് അവന്റെ കഴിവിനെ വ്യക്തമാക്കുന്നു. അടുത്ത നായകന്‍ ആരാണെന്ന് രോഹിത്തിന് വ്യക്തമായി അറിയാം. സുരേഷ് റെയ്‌ന പറഞ്ഞു.
 
 ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് ഗില്‍. ഐപിഎല്ലിലെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും മികച്ചതായിരുന്നു. വിരാട് കോലിയെ പോലെ ടീമിനെ നയിക്കാന്‍ അയാള്‍ക്കാകും. സെലക്ടര്‍മാരുടെയും രോഹിത്തിന്റെയും മികച്ച നീക്കമാണിത്. അതേസമയം 2019ലെ ഏകദിന ലോകകപ്പില്‍ നടത്തിയതിന് സമാനമായ പ്രകടനം ആവര്‍ത്തിക്കാന്‍ രോഹിത്തിന് ഇക്കുറി സാധിക്കുമെന്നും റെയ്‌ന പ്രത്യാശ പ്രകടിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍