Hardik Pandya: വിദേശ താരങ്ങളെ വെച്ച് ഐപിഎല്‍ കിരീടം നേടിയാല്‍ നല്ല ക്യാപ്റ്റനാകില്ല, അതിനു കുറച്ച് ബോധം വേണം; ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ആരാധകര്‍

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2023 (09:13 IST)
Hardik Pandya: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ബാറ്റിങ് ഓര്‍ഡറിലും ബൗളിങ് ചെയ്ഞ്ചിലും അടക്കം ഹാര്‍ദിക് നടത്തിയ പരീക്ഷണങ്ങളെല്ലാം ഇന്ത്യയുടെ തോല്‍വി ഉറപ്പാക്കുകയായിരുന്നെന്ന് ആരാധകര്‍ വിമര്‍ശിച്ചു. ഐപിഎല്ലില്‍ വിദേശ താരങ്ങളുടെ കഴിവ് കൊണ്ടാണ് ഹാര്‍ദിക് നയിച്ച ടീം കിരീടം ചൂടിയതെന്നും രാജ്യാന്തര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മോശമാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. 
 
നാലോ അഞ്ചോ നമ്പറില്‍ കളിപ്പിക്കേണ്ട സൂര്യകുമാര്‍ യാദവിനെ വണ്‍ഡൗണ്‍ ആയി ഇറക്കുന്നു, മൂന്നാം നമ്പറില്‍ കളിപ്പിക്കേണ്ട സഞ്ജുവിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കി പരീക്ഷണം നടത്തുന്നു, വിന്‍ഡീസ് താരങ്ങള്‍ സ്പിന്നിനെ കളിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടിട്ടും യുസ്വേന്ദ്ര ചഹലിന്റെ ഒരോവര്‍ അവശേഷിപ്പിക്കുന്നു തുടങ്ങി ഹാര്‍ദിക് എടുത്ത തീരുമാനങ്ങളെല്ലാം മണ്ടത്തരമാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. 
 
രണ്ടാം ട്വന്റി 20 മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് മൂന്നാമനായും സഞ്ജു സാംസണ്‍ അഞ്ചാമനായുമാണ് ക്രീസിലെത്തിയത്. സഞ്ജു വണ്‍ഡൗണ്‍ ആയും സൂര്യകുമാര്‍ അഞ്ചാമനായും എത്തിയിരുന്നെങ്കില്‍ ഇന്ത്യയുടെ ടോട്ടല്‍ ഇനിയും ഉയര്‍ന്നേനെ എന്നാണ് ആരാധകര്‍ പറയുന്നത്. ബൗളിങ്ങിലും ഹാര്‍ദിക് നടത്തിയ പരീക്ഷണങ്ങളെല്ലാം പാളി. ഒരു സമയത്ത് ഇന്ത്യ ജയം ഉറപ്പിച്ചതാണ്. അവിടെ നിന്ന് കാര്യങ്ങള്‍ താളംതെറ്റിയത് ഹാര്‍ദിക്കിന്റെ പരീക്ഷണത്തിലാണ്. 
 
125-4 എന്ന നിലയില്‍ നിന്ന് 129-8 എന്ന അവസ്ഥയിലേക്ക് വിന്‍ഡീസ് കൂപ്പുകുത്തിയിരുന്നു. യുസ്വേന്ദ്ര ചഹലിന്റെ ഓവറുകളാണ് ആ സമയത്ത് നിര്‍ണായകമായത്. ചഹലിനെ കളിക്കാന്‍ വിന്‍ഡീസ് താരങ്ങള്‍ നന്നായി കഷ്ടപ്പെട്ടിരുന്നു. മികച്ച രീതിയില്‍ പന്തെറിഞ്ഞ ചഹലിന് മത്സരം കഴിയുമ്പോള്‍ ഒരോവര്‍ കൂടി ശേഷിക്കുന്നു ! ചഹലിന്റെ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാനുള്ള അവസരം ഹാര്‍ദിക് നല്‍കിയില്ല. അര്‍ഷ്ദീപ് സിങ്ങിന് നല്‍കിയ 18-ാം ഓവര്‍ യഥാര്‍ഥത്തില്‍ എറിയേണ്ടിയിരുന്നത് ചഹല്‍ ആയിരുന്നെന്ന് ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെടുന്നു. ഹാര്‍ദിക് 18-ാം ഓവര്‍ അര്‍ഷ്ദീപിന് നല്‍കിയ സമയത്ത് കമന്റേറ്റര്‍മാരും അതില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ നന്നായി പന്തെറിഞ്ഞ ചഹലിന്റെ ഒരോവര്‍ അവശേഷിക്കുകയും ചെയ്തു. ഹാര്‍ദിക്കിന്റെ ഈ മണ്ടത്തരങ്ങള്‍ക്കെല്ലാം ഇന്ത്യ വലിയ വില കൊടുക്കേണ്ടി വന്നെന്നാണ് ആരാധകരുടെ അഭിപ്രായം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article