ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചതോടെ ഇന്ത്യക്കെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്ന് ദുബായില്‍ മാത്രം കളിക്കുന്നു എന്ന ആനുകൂല്യം ഇന്ത്യന്‍ ടീമിന് ഉണ്ടെന്നുള്ളതാണ്. ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കന്‍ താരമായ റാസി വാന്‍ ഡര്‍ ദസനും സമാനമായ വിമര്‍ശനം ഇന്ത്യക്കെതിരെ ഉന്നയിച്ചിരുന്നു. മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ ചിലരും ഇത്തരത്തില്‍ പ്രതികരിച്ചതോടെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി.
ഇന്ത്യയ്ക്ക് ദുബായില്‍ മാത്രം കളിക്കുന്നതിന്റെ ആനുകൂല്യമുണ്ടെന്ന് ഇംഗ്ലണ്ട് താരങ്ങളായ നാസര്‍ ഹുസൈന്‍, മൈക് അതേര്‍ട്ടന്‍ എന്നിവരുടെ വിമര്‍ശനങ്ങളോടാണ് ഗാംഗുലിയുടെ പ്രതികരണം. രാഷ്ട്രീയപരമായ കാരണങ്ങളും സുരക്ഷാ സംബന്ധമായ വിഷയങ്ങളും കൊണ്ടാണ് ഇന്ത്യ പാകിസ്ഥാനില്‍ മത്സരങ്ങളില്‍ കളിക്കാത്തത്. എന്നാല്‍ ഇന്ത്യ പാകിസ്ഥാനില്‍ വന്ന് കളിക്കുകയായിരുന്നുവെങ്കില്‍ പാകിസ്ഥാന്‍ പിച്ചുകളില്‍ ഇന്ത്യ റണ്‍മഴ ഒഴുക്കുമായിരുന്നുവെന്നാണ് ഗാംഗുലി പറയുന്നത്.
പാകിസ്ഥാനില്‍ നടന്ന മത്സരങ്ങളില്‍ ഇതിനോടകം തന്നെ 8 സെഞ്ചുറികളും 17 അര്‍ധസെഞ്ചുറികളും സംഭവിച്ചു കഴിഞ്ഞു. 14 ഇന്നിങ്ങ്‌സുകളില്‍ 6 എണ്ണത്തില്‍ 300ന് മുകളില്‍ സ്‌കോര്‍ വന്നു. എന്നാല്‍ ദുബായില്‍ നടന്ന മത്സരങ്ങളിലെ 6 ഇന്നിങ്ങ്‌സുകളില്‍ 249 റണ്‍സാണ് ഒരു ടീമിന്റെ ഉയര്‍ന്ന സ്‌കോര്‍. കൂടാതെ സ്പിന്‍, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പാകിസ്ഥാന്‍ പിച്ചുകളേക്കാള്‍ ആനുകൂല്യവും ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ആനുകൂല്യം ലഭിക്കുമെന്ന വാദത്തില്‍ അര്‍ഥമില്ലെന്നാണ് ഗാംഗുലി വ്യക്തമാക്കിയത്.