ഇന്ത്യക്കെതിരായ സെമി പോരിന് മുൻപ് ഓസീസിന് കനത്ത തിരിച്ചടി, ഓപ്പണർ മാത്യൂ ഷോർട്ട് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു
ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ നാളെ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ഓപ്പണര്‍ മാത്യൂ ഷോര്‍ട്ട് പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായി. ഷോര്‍ട്ടിന് പകരക്കാരനായി ട്രാവലിംഗ് റിസര്‍വിലുള്ള ബാറ്റിംഗ് ഓള്‍ റൗണ്ടറായ കൂപ്പര്‍ കൊണോലിയെയാണ് ടീമിലെടുത്തത്. ഇടം കയ്യന്‍ സ്പിന്നര്‍ കൂടിയായ കൊണോലി ദുബായിലെ സ്പിന്‍ പിച്ചില്‍ ഓസ്‌ട്രേലിയയ്ക്ക് മുതല്‍ക്കൂട്ടാകാന്‍ സാധ്യതയുള്ള താരമാണ്.
ഓസ്‌ട്രേലിയയ്ക്കായി ഒരു ടെസ്റ്റും 3 ഏകദിനങ്ങളും 2 ടി20 മത്സരങ്ങളിലും കൊണോലി കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ മുന്‍ അണ്ടര്‍ 19 നായകന്‍ കൂടിയാണ് കൊണോലി. കഴിഞ്ഞ ബിഗ് ബാഷ് സീസണില്‍ ലീഗിലെ മികച്ച താരമാകാന്‍ കൊണോലിയ്ക്ക് സാധിച്ചിരുന്നു. ചൊവ്വാഴ്ച നടക്കുന്ന ഒന്നാം സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെയും ബുധനാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെയുമാണ് നേരിടുന്നത്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം കൈവിട്ടതിന്റെ പ്രതികാരാം തീര്‍ക്കാന്‍ ഇന്ത്യയ്ക്കുള്ള സുവര്‍ണ അവസരമാണ് ഇത്തവണത്തെ സെമി പോരാട്ടം. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരില്ലാതെ എത്തുന്ന ഓസ്‌ട്രേല്ലിയന്‍ ബൗളിംഗ് താരതമ്യേന ദുര്‍ബലമാണ്.