പടക്കളത്തിലേക്ക് കോഹ്‌ലിയെത്തുന്നു, ഇനി വേറേ ലെവല്‍ കളി !

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2018 (15:45 IST)
ഏഷ്യാകപ്പ് ഒരു ടെസ്റ്റ് ഡോസായിരുന്നു. വിജയത്തിന്‍റെ പാതയിലേക്ക് ടീം ഇന്ത്യയുടെ മടങ്ങിവരവിന്‍റെ സൈറണ്‍. കളി കാണാനിരിക്കുന്നതേയുള്ളൂ. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ നായകസ്ഥാനത്ത് ഒരേയൊരു വിരാട് കോഹ്‌ലി!
 
ഏഷ്യാകപ്പില്‍ ഇന്ത്യ വിജയങ്ങള്‍ കൊയ്തെടുക്കുമ്പോഴും എന്തോ ഒരു കുറവ് ബാറ്റിംഗ് നിരയില്‍ അനുഭവപ്പെട്ടിരുന്നു. അത് കോഹ്‌ലിയുടെ അഭാവം തന്നെയായിരുന്നു. ആ ബാറ്റിംഗ് താളത്തിന്‍റെ രാജകീയശോഭയില്ലാതെ എങ്ങനെയാണ് ഇന്ത്യന്‍ ബാറ്റിംഗിന് പൂര്‍ണതയുണ്ടാവുക!
 
ഏഷ്യാകപ്പിലെ വിജയത്തിന്‍റെ മോടിയിലാണ് എത്തുന്നതെങ്കിലും ടെസ്റ്റിന്‍റെ കാര്യത്തില്‍ അല്‍പ്പം കയ്പ്പേറിയ അനുഭവങ്ങളില്‍ നിന്നാണ് ഇന്ത്യ വരുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1നാണ് ഇന്ത്യ അടിയറ വച്ചത്. അതുകൊണ്ടുതന്നെ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഏറെ നിര്‍ണായകമാണ്.
 
രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ വിജയിക്കുക എന്നത് ഒന്നാം റാങ്ക് നിലനിര്‍ത്താനും ഇന്ത്യയ്ക്ക് അനിവാര്യമാണ്. വിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയയെയാണ് നേരിടാനുള്ളത് എന്നതിനാല്‍ ഈ പരമ്പരയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. 
 
വിരാട് കോഹ്‌ലിയുടെ ക്യാപ്ടന്‍സിയുടെയും ബാറ്റിംഗ് കരുത്തിന്‍റെയും ബലത്തില്‍ ഇന്ത്യ വിന്‍ഡീസിനെ നിലം തൊടാതെ പറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article