India vs New Zealand, 2nd Test, Day 2: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ പ്രതിരോധത്തില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ് 301 റണ്‍സ് ആയി. ഒന്നാം ഇന്നിങ്‌സില്‍ 103 റണ്‍സിന്റെ ലീഡാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടിയിട്ടുണ്ട്.
സ്‌കോര്‍ കാര്‍ഡ്
ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സ് 259 ന് ഓള്‍ഔട്ട്
ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 156 ന് ഓള്‍ഔട്ട്
ന്യൂസിലന്‍ഡിന് 103 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്
ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198
ആകെ ലീഡ് 301 റണ്‍സ്
30 റണ്‍സുമായി ടോം ബ്ലഡലും ഒന്‍പത് റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സുമാണ് ഇപ്പോള്‍ ക്രീസില്‍. ലീഡ് 400 കടന്നാല്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യക്ക് ചേസ് ചെയ്യുക ബുദ്ധിമുട്ടായിരിക്കും. ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദര്‍ രണ്ടാം ഇന്നിങ്‌സിലും കിവീസിനു തലവേദനയായി. 19 ഓവറില്‍ 56 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് സുന്ദര്‍ രണ്ടാം ഇന്നിങ്‌സില്‍ വീഴ്ത്തിയിരിക്കുന്നത്. രവിചന്ദ്രന്‍ അശ്വിനു ഒരു വിക്കറ്റ്.
16-1 എന്ന നിലയിലാണ് രണ്ടാം ദിനമായ ഇന്ന് ഇന്ത്യ ബാറ്റിങ് പുനഃരാരംഭിച്ചത്. 140 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ഒന്‍പത് വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. 46 പന്തില്‍ 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും 30 റണ്‍സ് വീതമെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍ 21 പന്തില്‍ പുറത്താകാതെ 18 റണ്‍സ് നേടി വാലറ്റത്ത് പൊരുതി നോക്കി. രോഹിത് ശര്‍മ (പൂജ്യം), വിരാട് കോലി (ഒന്ന്), റിഷഭ് പന്ത് (18), സര്‍ഫറാസ് ഖാന്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി.
കിവീസിനായി മിച്ചല്‍ സാന്റ്നര്‍ 19.3 ഓവറില്‍ 53 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. ഗ്ലെന്‍ ഫിലിപ്സിന് രണ്ട് വിക്കറ്റ്. ടിം സൗത്തി ഒരു വിക്കറ്റ് സ്വന്തമാക്കി.