Asia Cup, India vs Hong Kong Match Result: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലേക്ക് പ്രവേശിച്ചു. ആദ്യ കളിയില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഹോങ് കോങ്ങിനെ 40 റണ്‍സിന് കീഴ്‌പ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹോങ് കോങ്ങിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 192 റണ്‍സ് നേടിയിരുന്നു. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.
ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനെതിരെ വാശിയോടെ തിരിച്ചടിക്കാന്‍ തുടക്കം മുതല്‍ ഹോങ് കോങ് ശ്രമിച്ചിരുന്നു. പവര്‍പ്ലേയില്‍ ഇന്ത്യയേക്കാള്‍ റണ്‍സ് ഹോങ് കോങ് നേടി. 35 പന്തില്‍ 41 റണ്‍സ് നേടിയ ബാബര്‍ ഹയാത്താണ് ഹോങ് കോങ് നിരയിലെ ടോപ് സ്‌കോറര്‍. കിന്‍ചിത് ഷാ 28 പന്തില്‍ 30 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ബുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ സൂര്യകുമാര്‍ യാദവിന്റെയും വിരാട് കോലിയുടെയും അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വെടിക്കെട്ട് ബാറ്റിങ്ങുമായി സൂര്യകുമാര്‍ യാദവ് ആളിക്കത്തി. സൂര്യകുമാര്‍ യാദവ് വെറും 26 പന്തില്‍ ആറ് ഫോറും ആറ് സിക്സും സഹിതം 68 റണ്‍സുമായി പുറത്താകാതെ നിന്നു. ഹരൂണ്‍ അര്‍ഷാദ് എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായ മൂന്ന് സിക്സ് സഹിതം ആകെ നാല് സിക്സ് പറത്തിയാണ് സൂര്യകുമാര്‍ ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്. വിരാട് കോലി 44 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും സഹിതം 59 റണ്‍സുമായി പുറത്താകാതെ നിന്നു. ട്വന്റി 20 കരിയറിലെ കോലിയുടെ 31-ാം അര്‍ധ സെഞ്ചുറിയാണ് ഇത്.