തോല്‍‌പ്പിച്ചത് ധോണിയോ, ഉമേഷോ ?; വിലപ്പെട്ട എട്ട് റണ്‍സും നിര്‍ണായകമായ ആ ഓവറും

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2019 (15:12 IST)
വന്‍ താരനിരയുണ്ടായിട്ടും ട്വന്റി-20യില്‍ ഇന്ത്യയുടെ റെക്കോര്‍ഡുകള്‍ അത്ര മെച്ചമുള്ളതല്ല. കൈയെത്തും ദൂരത്ത് ജയം നഷ്‌ടപ്പെടുത്തുന്നത് പലപ്പോഴും കണ്ടു കഴിഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ വിശാഖപട്ടണം ട്വന്റി-20യിലും അവസാന നിമിഷമാണ് തോല്‍‌വി ഏറ്റുവാങ്ങേണ്ടി വന്നത്.

ഓസീസ് പോലും തോല്‍‌വിയുറപ്പിച്ചിരുന്നപ്പോള്‍ ഇന്ത്യ എങ്ങനെയാണ് മത്സരം കൈവിട്ടതെന്ന ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ഫിനിഷറായ മഹേന്ദ്ര സിംഗ് ധോണിയുടെ മെല്ലപ്പോക്ക് ആണോ, റണ്‍സ് വഴങ്ങുന്നതിലുള്ള ഉമേഷ് യാദവിന്റെ ധാരാളിത്തമാണോ തോല്‍‌വിയിലേക്ക് നയിച്ചതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

126 റൺസെന്ന ദുർബലമായ ടോട്ടൽ പ്രതിരോധിക്കുമ്പോൾ അനുഭവസമ്പത്തുള്ള ഉമേഷ് യാദവ് നാല് ഓവറിൽ 35 റൺസാണ് വഴങ്ങിയത്. ഓവറിൽ ശരാശരി 8.75 റൺസ് വിട്ടു നല്‍കിയെന്ന് അര്‍ഥം. അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരിക്കെ ബോളർമാരായ പാറ്റ് കമ്മിൻസും ജൈ റിച്ചാർഡ്സനും ക്രീസിൽ നിൽക്കെയാണ് ഇന്ത്യന്‍ പേസര്‍ മോശം പന്തുകള്‍ എറിഞ്ഞതെന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം.

രണ്ടാം പന്തിൽ ബൗണ്ടറി വഴങ്ങിയതും  മൂന്നാം പന്തിൽ ഡബിളും നാലാം പന്തിൽ സിംഗിളും വിട്ടുനൽകിയ ഉമേഷ് അഞ്ചാം പന്ത്‍ ഫുൾടോസ് എറിയുകയും ചെയ്‌തു. 19മത് ഓവര്‍ മനോഹരമായ രീതിയില്‍ ജസ്‌പ്രിത് ബുമ്ര ബോള്‍ ചെയ്‌ത് പോയപ്പോഴാണ് ഉമേഷിന്റെ റണ്‍സ് വാരിക്കോരി നല്‍കിയുള്ള ഓവര്‍ വന്നത്.

ബാറ്റിംഗില്‍ ധോണിക്കും പിഴച്ചു. പത്താം ഓവറില്‍ ഋഷഭ് പന്ത് റണ്ണൗട്ടായതോടെയാണ് നിര്‍ണായകമായ നാലാം നമ്പറില്‍ ധോണി ക്രീസിലെത്തുന്നത്. 37 പന്ത് നേരിട്ട മഹിക്ക് ഒരു സിക്‌സറടക്കം 29 റണ്‍സ് മാത്രമാണ് നേടാനായത്.

അവസാന അഞ്ച് ഓവറിൽ നേരിട്ട 22 പന്തിൽ 13 പന്തിലും റൺസെടുക്കാൻ ധോണിക്കായില്ല.  അവസാന ഓവറിൽ മാത്രം നാലു പന്തുകളാണ് റണ്ണെടുക്കാതെ വിട്ടത്. വിലപ്പെട്ട എട്ട് സിംഗിളുകളും നഷ്‌ടപ്പെടുത്തി. സ്ട്രൈക്ക് റേറ്റ് 78.38 മാത്രമായിരുന്നു എന്നതും നിരാശപ്പെടുത്തുന്നതായിരുന്നു.

വാലറ്റത്തെ കൂട്ടു പിടിച്ച് കളിക്കുമ്പോള്‍ വേണ്ടെന്ന് വെച്ച സിംഗളുകള്‍ നേടിയിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇന്ത്യക്ക് 10 റണ്‍സോളം നേടാമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഇന്ത്യക്ക് ജയം ഉറപ്പായിരുന്നു. ഇതോടെയാണ് തോല്‍‌വിക്ക് ഉത്തരവാദി ധോണിയോ ഉമേഷോ എന്ന ചര്‍ച്ച സജീവമായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article