Adelaide Test: അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 24 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയില്‍. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് ലീഡായ 157 റണ്‍സില്‍ നിന്ന് 29 റണ്‍സ് അകലെയാണ് ഇന്ത്യ ഇപ്പോള്‍. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാനാകും മൂന്നാം ദിനമായ നാളെ ഇന്ത്യ പൊരുതുക.
റിഷഭ് പന്ത് (25 പന്തില്‍ 28), നിതീഷ് കുമാര്‍ റെഡ്ഡി (14 പന്തില്‍ 15) എന്നിവരാണ് ഇന്ത്യക്കായി ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ (31 പന്തില്‍ 24), കെ.എല്‍.രാഹുല്‍ (10 പന്തില്‍ ഏഴ്), ശുഭ്മാന്‍ ഗില്‍ (30 പന്തില്‍ 28), വിരാട് കോലി (21 പന്തില്‍ 11), രോഹിത് ശര്‍മ (15 പന്തില്‍ ആറ്) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. പാറ്റ് കമ്മിന്‍സിനും സ്‌കോട്ട് ബോളണ്ടിനും രണ്ട് വീതം വിക്കറ്റുകള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 180 മറുപടിയായി ആതിഥേയര്‍ ഒന്നാം ഇന്നിങ്സില്‍ 337 റണ്‍സ് നേടി. 141 പന്തില്‍ 17 ഫോറും നാല് സിക്സും സഹിതം 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് ആണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മാര്‍നസ് ലബുഷെയ്ന്‍ 126 പന്തില്‍ 64 റണ്‍സെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 23 ഓവറില്‍ 61 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജിനും നാല് വിക്കറ്റ്. നിതീഷ് റെഡ്ഡിക്കും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ്.