Rohit Sharma: 'പേരിനൊരു ക്യാപ്റ്റന്‍, എതിരാളികള്‍ക്ക് ഫ്രീ വിക്കറ്റ്'; രോഹിത് ടെസ്റ്റില്‍ നിന്ന് വിരമിക്കണമെന്ന് ആരാധകര്‍

രേണുക വേണു

ശനി, 7 ഡിസം‌ബര്‍ 2024 (09:26 IST)
Rohit Sharma

Rohit Sharma: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതാണ് നല്ലതെന്ന് ക്രിക്കറ്റ് ആരാധകര്‍. ബാറ്റിങ്ങില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന രോഹിത് എതിരാളികള്‍ക്ക് ഫ്രീ വിക്കറ്റായി മാറിയെന്നും ആരാധകര്‍ പരിഹസിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായി നടക്കുന്ന അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ രണ്ടക്കം കാണാതെ രോഹിത് പുറത്തായതിനു പിന്നാലെയാണ് ഇന്ത്യന്‍ ആരാധകര്‍ തന്നെ രോഹിത്തിനെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയത്. 
 
അഡ്‌ലെയ്ഡില്‍ 23 പന്തുകള്‍ നേരിട്ട രോഹിത് വെറും മൂന്ന് റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. ക്രീസില്‍ എത്തിയപ്പോള്‍ മുതല്‍ ഓസീസ് ബൗളര്‍മാരെ നേരിടാന്‍ രോഹിത് ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ 11 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് രോഹിത് ശര്‍മ നേടിയിരിക്കുന്നത് 12.36 ശരാശരിയില്‍ 136 റണ്‍സ് മാത്രമാണ് ! 
 
അവസാന 11 ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് രോഹിത് സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഏഴ് തവണയും രണ്ടക്കം കാണാതെ പുറത്തായി. ഒരു തവണ ഡക്കായി മടങ്ങിയപ്പോള്‍ 2(16), 3(23), 11(11), 8(16), 2(16), 8(7), 5(7), 6(19) എന്നിങ്ങനെയാണ് മറ്റു മോശം പ്രകടനങ്ങള്‍. 
 
അലസമായാണ് രോഹിത് പലപ്പോഴും വിക്കറ്റ് വലിച്ചെറിയുന്നതെന്നും വിമര്‍ശനമുണ്ട്. പേരിനൊരു ക്യാപ്റ്റന്‍ എന്ന നിലയിലേക്കു രോഹിത് ചുരുങ്ങിയെന്നും ബാറ്റിങ്ങില്‍ ടീമിനായി യാതൊന്നും സംഭാവന ചെയ്യാന്‍ രോഹിത്തിനു കഴിയുന്നില്ലെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍