Rohit Sharma: ഈ ടീം തന്നെയാണോ പെര്‍ത്തില്‍ ജയിച്ചത് ? രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് വിമര്‍ശനം

രേണുക വേണു

ശനി, 7 ഡിസം‌ബര്‍ 2024 (08:17 IST)
Rohit Sharma: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തില്‍ ആയതിനു പിന്നാലെ നായകന്‍ രോഹിത് ശര്‍മയ്ക്കു വിമര്‍ശനവും പരിഹാസവും. നായകനെന്ന നിലയില്‍ രോഹിത് പൂര്‍ണ പരാജയമാണെന്നും സഹതാരങ്ങളെ പ്രചോദിപ്പിക്കാനുള്ള താല്‍പര്യം ഗ്രൗണ്ടില്‍ കാണിക്കുന്നില്ലെന്നും ആരാധകര്‍. പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീം തന്നെയാണോ ഇപ്പോള്‍ അഡ്‌ലെയ്ഡില്‍ കളിക്കുന്നതെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ആരാധകര്‍ പരിഹസിക്കുന്നു. 
 
അഡ്‌ലെയ്ഡില്‍ ഇന്ത്യ പൂര്‍ണമായും പ്രതിരോധത്തിലാണ്. നായകന്‍ രോഹിത് ശര്‍മയാകട്ടെ ഇപ്പോഴെ കളി കൈയില്‍ നിന്ന് പോയ പോലെയാണ് ഫീല്‍ഡില്‍ നില്‍ക്കുന്നത്. മറ്റു താരങ്ങള്‍ക്ക് പ്രചോദനമാകാനോ ക്യാപ്റ്റനെന്ന നിലയില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാനോ രോഹിത്തിനു സാധിക്കുന്നില്ല. ഇങ്ങനെയാണ് കളി മുന്നോട്ടു പോകുന്നതെങ്കില്‍ വന്‍ തോല്‍വിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും ആരാധകര്‍ പറയുന്നു. 
 
ആദ്യദിനമായ ഇന്നലെ രവിചന്ദ്രന്‍ അശ്വിനെ ബൗളിങ്ങില്‍ ഉപയോഗിക്കാന്‍ രോഹിത് തയ്യാറാകാതിരുന്നതും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുന്നു. അഡ്‌ലെയ്ഡില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള അശ്വിന്‍ ഇന്നലെ ഒരോവര്‍ മാത്രമാണ് പന്തെറിഞ്ഞത്. പെര്‍ത്ത് ടെസ്റ്റില്‍ ഓരോ ബോളും വലിയ ആവേശത്തോടെയാണ് ഇന്ത്യന്‍ ടീം എറിഞ്ഞിരുന്നത്. നായകന്‍ ജസ്പ്രീത് ബുംറ വലിയ രീതിയില്‍ സഹതാരങ്ങളെ പ്രചോദിപ്പിച്ചിരുന്നു. അഡ്‌ലെയ്ഡില്‍ ഇത് രണ്ടും ഇപ്പോള്‍ സംഭവിക്കുന്നില്ലെന്നാണ് ആരാധകരുടെ പരാതി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍