പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയ്‌സ്വാളും സ്റ്റാര്‍ക്കും പരസ്പരം സ്ലെഡ്ജ് ചെയ്തിരുന്നു. ഹര്‍ഷിത് റാണയുടെ പന്ത് നേരിട്ടപ്പോള്‍ 'നിന്നേക്കാള്‍ വേഗതയില്‍ ഞാന്‍ പന്തെറിയും' എന്ന് സ്റ്റാര്‍ക് പരിഹസിച്ചിരുന്നു. അതിനു പകരമായി സ്റ്റാര്‍ക്കിന്റെ പന്ത് നേരിട്ട ശേഷം 'ബോള്‍ വളരെ പതുക്കെയാണല്ലോ എന്റെ അടുത്തേക്ക് വരുന്നത്' എന്നായിരുന്നു ജയ്‌സ്വാള്‍ പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിനിടെ സ്റ്റാര്‍ക്കിനെ ട്രോളിയത്. മാത്രമല്ല സ്റ്റാര്‍ക്കിനെ സിക്‌സര്‍ പായിച്ച ശേഷമുള്ള ജയ്‌സ്വാളിന്റെ നില്‍പ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പെര്‍ത്ത് ടെസ്റ്റില്‍ തനിക്കുമേല്‍ ജയ്‌സ്വാള്‍ ആധിപത്യം സ്ഥാപിച്ചത് സ്റ്റാര്‍ക്കിനു അത്ര പിടിച്ചിട്ടില്ല. അതിനുള്ള മറുപടിയാണ് സ്റ്റാര്‍ക് ഇന്ന് അഡ്‌ലെയ്ഡില്‍ നല്‍കിയത്.
ഓസ്‌ട്രേലിയയ്ക്കു വേണ്ടി ആദ്യ ഓവര്‍ എറിയാന്‍ വന്ന സ്റ്റാര്‍ക് ആദ്യ പന്തില്‍ തന്നെ ജയ്‌സ്വാളിനെ എല്‍ബിഡബ്‌ള്യുവിനു മുന്നില്‍ കുടുക്കി പവലിയനിലേക്ക് മടക്കി. ജയ്‌സ്വാളിനെ പുറത്താക്കിയ ശേഷം സ്റ്റാര്‍ക് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും വലിയ ആഘോഷ പ്രകടനം നടത്തുകയും ചെയ്തു. എന്തായാലും രണ്ടാം ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ എന്താകും അവസ്ഥയെന്നാണ് ഇന്ത്യന്‍ ആരാധകരും ഓസീസ് ആരാധകരും നോക്കിയിരിക്കുന്നത്.
അതേസമയം അഡ്‌ലെയ്ഡില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പെര്‍ത്ത് ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ ഇറങ്ങിയിരിക്കുന്നത്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ബെഞ്ചില്‍.