India vs Australia, 3rd Test: ബ്രിസ്ബണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം മഴ മൂലം നിര്‍ത്തി. കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 17 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് മാത്രമാണ് നേടിയിരിക്കുന്നത്.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറില്‍ നിന്ന് 394 റണ്‍സ് അകലെയാണ് ഇന്ത്യ ഇപ്പോഴും. യശസ്വി ജയ്‌സ്വാള്‍ (നാല്), ശുഭ്മാന്‍ ഗില്‍ (ഒന്ന്), വിരാട് കോലി (മൂന്ന്), റിഷഭ് പന്ത് (ഒന്‍പത്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 64 പന്തില്‍ 33 റണ്‍സുമായി കെ.എല്‍.രാഹുലും റണ്‍സൊന്നും എടുക്കാതെ രോഹിത് ശര്‍മയുമാണ് ഇപ്പോള്‍ ക്രീസില്‍. ഓസ്‌ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ജോഷ് ഹെസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സാണ് നേടിയത്. ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ചുറിയും അലക്സ് കാരിയുടെ അര്‍ധ സെഞ്ചുറിയുമാണ് ഓസ്ട്രേലിയയ്ക്കു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഹെഡ് 160 പന്തില്‍ 18 ഫോറുകള്‍ അടക്കം 152 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവ് സ്മിത്ത് 190 പന്തുകളില്‍ നിന്ന് 101 റണ്‍സെടുത്തു. അലക്സ് കാരി (88 പന്തില്‍ 70) ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ ഓസ്ട്രേലിയയുടെ സ്‌കോര്‍ 400 കടന്നു. പാറ്റ് കമ്മിന്‍സ് 20 റണ്‍സും മിച്ചല്‍ സ്റ്റാര്‍ക്ക് 18 റണ്‍സും നേടി.