ബുമ്രയില്ലെങ്കിൽ ഇന്ത്യന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് വട്ടപൂജ്യം, ഇനിയും പണിയെടുപ്പിച്ചാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്ഷീണിച്ച മെഷീനായി മാറും

അഭിറാം മനോഹർ
വ്യാഴം, 2 ജനുവരി 2025 (13:17 IST)
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ നാല് ടെസ്റ്റ് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു കാര്യം ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ വ്യക്തമായിരിക്കുകയാണ്. ജസ്പ്രീത് ബുമ്ര എന്ന അസാധാരണ കഴിവുള്ള ഒരു ബൗളര്‍ ടീമിലില്ലെങ്കില്‍ ഇന്ത്യന്‍ ടീം ഒരു വട്ടപൂജ്യം മാത്രമാണ്. 2020-21 സീസണില്‍ ബുമ്രയും കോലിയും ഇല്ലാതെ തുടരെ പരിക്കുകളും അലട്ടിയ ഒരു ടീമിനെ വെച്ച് അജിങ്ക്യ രഹാനെ കപ്പെടുത്ത കാലം മാറിയിരിക്കുകയാണ്. ബാറ്റിംഗില്‍ കോലിയും രോഹിത്തും പന്തും പരാജയമാവുമ്പോള്‍ ബൗളിംഗില്‍ ബുമ്ര മാത്രമാണ് എതിര്‍ടീമിന് ഭീഷണിയാകുന്നത്. അതിനാല്‍ തന്നെ ആദ്യ 4 ടെസ്റ്റുകള്‍ അവസാനിക്കുമ്പോള്‍ പന്തെറിഞ്ഞ് ക്ഷീണിച്ച അവസ്ഥയിലാണ് ബുമ്ര.
 
 കഴിഞ്ഞ 4 ടെസ്റ്റുകളില്‍ നിന്നായി ബുമ്ര 30 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ 16 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് ബുമ്രയ്ക്ക് പിന്നില്‍ രണ്ടാമതുള്ളത്. നാല് ടെസ്റ്റ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പരിക്കിന്റെ ശല്യം കരിയറിലുടനീളം നേരിടുന്ന ബുമ്ര ഇന്ത്യയ്ക്കായി ഇതിനകം 842 പന്തുകള്‍ എറിഞ്ഞു കഴിഞ്ഞു. അതായത് 2 ഏകദിനമത്സരത്തിലധികം പന്തുകള്‍ ബുമ്ര എറിഞ്ഞു കഴിഞ്ഞു. ഇക്കഴിഞ്ഞ മെല്‍ബണ്‍ ടെസ്റ്റില്‍ ഇനിയും പന്തെറിയാന്‍ തന്നെ കൊണ്ട് ആവില്ലെന്ന് പറയുന്നതില്‍ വരെയെത്തി നില്‍ക്കുന്നു ബുമ്രയുടെ മേലുള്ള ടീം ഇന്ത്യയുടെ ആശ്രിതത്വം. ഇതോടെ അവസാന അഞ്ചാം ടെസ്റ്റ് മത്സരം കൂടി കഴിയുമ്പോള്‍ ബുമ്ര അതീവ ക്ഷീണിതനാകുമെന്ന് ഉറപ്പാണ്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ബുമ്രയ്ക്ക് വിശ്രമം കിട്ടുമെങ്കിലും ഈ അമിതമായ ജോലിഭാരം ബുമ്രയുടെ കരിയറിന്റെ കാലം കുറയ്ക്കുമെന്ന് ഉറപ്പാണ്.
 
 ബുമ്രയില്ലെങ്കില്‍ ടെസ്റ്റില്‍ ടീം വട്ടപൂജ്യമെന്ന നിലയിലേക്കാണ് നിലവില്‍ ടീം ഇന്ത്യ പോയ്‌ക്കൊണ്ടിരിക്കുന്നത്. ടി20യില്‍ മികച്ച പ്രകടനം തുടരുന്ന ആര്‍ഷദീപ് സിംഗിനെ ടെസ്റ്റില്‍ ബുമ്രയ്ക്ക് സഹായിയായി എത്തിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article