ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര തന്നെയെന്ന് അടിവരയിട്ട് പുതിയ ഐസിസി റാങ്കിംഗ്. ബൗളര്‍മാര്‍ക്കുള്ള ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ റെക്കോര്‍ഡ് നേട്ടമാണ് ബുമ്ര മറികടന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയ മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഇന്ത്യന്‍ ബൗളര്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റ് എന്ന നേട്ടമാണ് ബുമ്ര സ്വന്തമാക്കിയത്.
907 റേറ്റിംഗ് പോയിന്റുമായാണ് ബുമ്ര ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യന്‍ ബൗളറായ ആര്‍ അശ്വിനായിരുന്നു ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റായ 904 പോയിന്റ് സ്വന്തമാക്കിയിരുന്നത്. 2024ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 71 വിക്കറ്റുകളാണ് ബുമ്ര സ്വന്തമാക്കിയത്. 932 റേറ്റിംഗ് പോയന്റ് സ്വന്തമാക്കിയിട്ടുള്ള ഇംഗ്ലണ്ട് സീമറായ സിഡ്‌നി ബാണ്‍സ് ആണ് ബൗളര്‍മാരില്‍ ഏറ്റവുമധികം റേറ്റിംഗ് പോയിന്റ് സ്വന്തമാക്കിയിട്ടുള്ള ബൗളര്‍. 922 പോയിന്റുമായി ഇമ്രാന്‍ ഖാന്‍ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തും 920 പോയിന്റ് സ്വന്തമാക്കിയിട്ടുള്ള മുത്തയ്യമുരളീധരന്‍ നാലാം സ്ഥാനത്തുമാണ്. നിലവില്‍ റേറ്റിംഗ് പോയന്റ് അടിസ്ഥാനത്തില്‍ പതിനേഴാം സ്ഥാനത്താണ് ബുമ്ര.