യുവതാരങ്ങള്‍ക്ക് പ്രാപ്തിയില്ല, രോഹിത്തില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുക്കാമെന്ന് പറഞ്ഞ് ഒരു സീനിയര്‍ താരം നടക്കുന്നു, ആ താരം കോലിയെന്ന് സൂചന
ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് ശര്‍മ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാല്‍ ഇടക്കാല നായകനാവാന്‍ സന്നദ്ധനാണെന്ന് സീനിയര്‍ താരം അറിയിച്ചതായി റിപ്പോര്‍ട്ട്. രോഹിത് നായകസ്ഥാനം ഒഴിഞ്ഞാല്‍ പിന്‍ഗാമിയായി ജസ്പ്രീത് ബുമ്ര നായകനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ടീം അംഗങ്ങള്‍ക്കിടയില്‍ മിസ്റ്റര്‍ ഫിക്‌സിറ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സീനിയര്‍ താരവും ക്യാപ്റ്റനാകാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ രോഹിത് കഴിഞ്ഞാല്‍ ടീമില്‍ സീനിയര്‍ താരങ്ങളായുള്ളത് വിരാട് കോലിയും രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലുമാണ്. ഇതില്‍ കോലിയാണ് ക്യാപ്റ്റനാകാന്‍ സന്നദ്ധത അറിയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഹിത്തിന്റെ പിന്‍ഗാമി സ്ഥാനത്തേക്ക് പരിഗണികുന്ന യുവതാരങ്ങളുടെ കഴിവില്‍ സീനിയര്‍ താരം സംശയം പ്രകടിപ്പിച്ചെന്നും അവര്‍ ക്യാപ്റ്റന്‍സിക്ക് പാകമാവുന്നത് വരെ ഇടക്കാല നായകനാകാന്‍ താത്പര്യമുണ്ടെന്നുമാണ് സീനിയര്‍ താരം ടീം മാനേജ്‌മെന്റിനെ അറിയിച്ചിരിക്കുന്നത്.
സിഡ്‌നി ടെസ്റ്റില്‍ ജയിക്കാന്‍ കഴിയാതിരിക്കുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്താല്‍ രോഹിത് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യന്‍ നായകനായ ജസ്പ്രീത് ബുമ്രയ്ക്കാണ് നായകനായി കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. പരിക്കുകള്‍ കരിയറില്‍ എപ്പോഴും വില്ലനാകാറുള്ള ബുമ്രയെ എല്ലാ ടെസ്റ്റിലും ഇന്ത്യ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. ഇതോടെ റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരെയാകും ടീം മാനേജ്‌മെന്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. എന്നാല്‍ ഇവര്‍ ഈ ജോലിക്ക് നിലവില്‍ പ്രാപ്തരല്ലെന്നും യുവതാരങ്ങള്‍ പാകമാകും വരെ ടീമിനെ നയിക്കാന്‍ തയ്യാറാണെന്നുമാണ് സീനിയര്‍ താരം ടീം മാനേജ്‌മെന്റിനെ അറിയിച്ചിരിക്കുന്നത്.