ഇന്ത്യയ്ക്ക് വേണ്ടി കടുംവെട്ടുമായി ഐസിസി, ചാമ്പ്യൻസ് ട്രോഫി നടത്തിപ്പും പാകിസ്ഥാന് നഷ്ടമാകും

ചൊവ്വ, 28 നവം‌ബര്‍ 2023 (15:48 IST)
2025ല്‍ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിയും പാകിസ്ഥാന് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനില്‍ കളിക്കുന്നതിന് ഇന്ത്യന്‍ ടീമിന് ബിസിസിഐ അനുമതി നല്‍കാത്ത പശ്ചാത്തലത്തിലാണ് ഏഷ്യാകപ്പിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി വേദിയും പാകിസ്ഥാന് നഷ്ടമാകുന്നത്. പാകിസ്ഥാന് പകരം ദുബെയിലാകും ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ കടക്കുക.
 
അതേസമയം ചാമ്പ്യന്‍സ് ട്രോഫിയില്‍ ആതിഥേയരാകാനുള്ള കരാര്‍ നടപ്പിലാക്കണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ബിസിസിഐ സമ്മര്‍ദ്ദത്തില്‍ ഏഷ്യാകപ്പ് ആതിഥേയത്വം നഷ്ടമായെങ്കിലും ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുത്തിരുന്നു. പാകിസ്ഥാനെ ആതിഥേയരായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഐസിസി ഇതുവരെ പാക് ക്രിക്കറ്റ് ബോര്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല.
 
സുരക്ഷാകാരണങ്ങള്‍ കാണിച്ചാണ് പാകിസ്ഥാനില്‍ കളിക്കുന്നതില്‍ നിന്നും ബിസിസിഐ വിട്ടുനില്‍ക്കുന്നത്. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ തയ്യാറാവാതിരിക്കുകയും ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയിലേക്ക് മാറ്റുകയും ചെയ്യുകയാണെങ്കില്‍ ഐസിസി നഷ്ടപരിഹാരം നല്‍കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദിന ലോകകപ്പില്‍ ആദ്യ 7 സ്ഥാനത്തുള്ള ടീമുകളും ആതിഥേയരാഷ്ടമായ പാകിസ്ഥാനുമാകും ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ മാറ്റുരയ്ക്കുക. ചാമ്പ്യന്‍സ് ട്രോഫി ഏകദിന ഫോര്‍മാറ്റില്‍ നിന്നും മാറ്റി ടി20 ഫോര്‍മാറ്റിലേക്ക് മാറ്റണമെന്നും ആവശ്യം ഉയരുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍