ഹാര്‍ദ്ദിക്കിന്റെ വരവില്‍ മുംബൈ ടീമിനുള്ളില്‍ മുറുമുറുപ്പ്, അതൃപ്തി പരസ്യമാക്കി ബുമ്ര, മുംബൈ വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
ഐപിഎല്ലിലെ പുതിയ സീസണോടനുബന്ധിച്ച് നാടകീയമായ സംഭവങ്ങളാണ് നിലവില്‍ അരങ്ങേറികൊണ്ടിരിക്കുന്നത്, ഗുജറാത്ത് ടീം നായകനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ഗുജറാത്ത് വിട്ട് മുംബൈയിലേക്ക് തിരികെയെത്തുമെന്ന് ഉറപ്പായതോടെ സമ്മിശ്രമായ പ്രതികരണമാണ് മുംബൈ ആരാധകരില്‍ നിന്നും ഉണ്ടാവുന്നത്. മുംബൈ വിട്ട് ഗുജറാത്തിലേക്ക് പോയ ഹാര്‍ദ്ദിക് മുംബൈ ടീമിനെ മോശമാക്കി കാണിച്ചുകൊണ്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ആരാധകര്‍ക്കിടയില്‍ അതൃപ്തിയുണ്ട്.
ഇപ്പോഴിതാ മുംബൈയിലേക്കുള്ള ഹാര്‍ദ്ദിക്കിന്റെ തിരിച്ചുവരവില്‍ മുംബൈ സൂപ്പര്‍ താരമായ പേസര്‍ ജസ്പ്രീത് ബുമ്ര അതൃപ്തനാണെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദ്ദിക്ക് മുംബൈയിലെത്തിയതിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ബുമ്ര പോസ്റ്റ് ചെയ്ത സ്‌റ്റോറിയാണ് സംശയങ്ങള്‍ക്ക് ഇടനല്‍കിയിരിക്കുന്നത്. ചില നേരത്ത് നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം എന്ന പോസ്റ്റാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി താരം നല്‍കിയിരിക്കുന്നത്.
രോഹിത് ശര്‍മ മുംബൈ നായകസ്ഥാനത്ത് നിന്നും വൈകാതെ തന്നെ പിന്മാറുമെന്നും 2 വര്‍ഷത്തിനുള്ളില്‍ ഹാര്‍ദ്ദിക് മുംബൈ നായകനാകുമെന്നുമാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ ദീര്‍ഘക്കാലമായി ടീമിലുള്ള ബുമ്ര ഹാര്‍ദ്ദിക് നായകനാകുന്നതടക്കമുള്ള കാര്യങ്ങളില്‍ അതൃപ്തനാണെന്നാണ് വിവരങ്ങള്‍. നേരത്തെ രോഹിത്തിന് ശേഷം ബുമ്രയെ മുംബൈ നായകനാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തന്നെ അവഗണിച്ചുകൊണ്ട് ഹാര്‍ദ്ദിക്കിനെ ടീമിലെടുത്തതാണ് താരത്തിന് അതൃപ്തിയുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ട്രേഡിങ്ങ് വിന്‍ഡോ അവസാനിച്ചിട്ടില്ലാത്തതിനാല്‍ തന്നെ ടീമുകള്‍ക്ക് താരങ്ങളെ കൈമാറ്റം ചെയ്യാന്‍ ഇനിയും അവസരങ്ങള്‍ ബാക്കിയുണ്ട്. ഈ ആകാംക്ഷയില്‍ ബുമ്ര ടീം വിടുമോ എന്ന ആശങ്കയിലാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍.