ജോലി കൂടുതലാണെന്ന് ഒരു സൈനികൻ പരാതി പറയുമോ, സിറാജിനെ കണ്ട് പഠിക്കണം, ഗംഭീറിനെ തള്ളി ഗവാസ്കർ

അഭിറാം മനോഹർ

ബുധന്‍, 6 ഓഗസ്റ്റ് 2025 (12:59 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ജോലിഭാരത്തിന്റെ പേരില്‍ പരമ്പരയ്ക്കിടെ വിശ്രമം അനുവദിക്കുന്ന നയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 3 മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിച്ചത്. അതേസമയം മുഹമ്മദ് സിറാജ് പരമ്പരയിലെ 5 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചു. സിറാജിന്റെ കഠിനാദ്ധ്വാനമാണ് ജോലിഭാരത്തെ പറ്റി ക്ലാസ് എടുക്കുന്നവര്‍ക്കുള്ള മറുപടിയെന്ന് ഗവാസ്‌കര്‍ പറയുന്നു.
 
എല്ലാവരും സിറാജിനെയാണ് മാതൃകയാക്കുന്നത്. ബൗളര്‍മാരാണ് മത്സരങ്ങള്‍ വിജയിപ്പിക്കുക എന്നൊരു ചൊല്ലുണ്ട്. പക്ഷേ ബാറ്റര്‍മാരും മികച്ച സ്‌കോര്‍ കണ്ടെത്തണം. 2 കളികളില്‍ മികച്ച സ്‌കോര്‍ ഇല്ലാത്തതുകൊണ്ടാണ് ഇന്ത്യ തോറ്റുപോയത്. തന്റെ കഠിനാദ്ധ്വാനത്തിലൂടെ ജോലിഭാരത്തിന്റെ പേരില്‍ ഉയരുന്ന ചര്‍ച്ചകളെയാണ് സിറാജ് ഇല്ലാതെയാക്കിയത്. ആ വാക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ഡിക്ഷണറിയില്‍ നിന്നും പുറത്തുപോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്.
 
 തുടര്‍ച്ചയായ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ ക്യാപ്റ്റന്റെ ഇഷ്ടത്തിനനുസരിച്ച് 6,7,8 ഓവര്‍ സ്‌പെല്ലുകള്‍ സിറാജ് തുടര്‍ച്ചയായി എറിയുകയാണ്. ഒരു കളിക്കാരനില്‍ നിന്ന് രാജ്യവും അതാണ് പ്രതീക്ഷിക്കുന്നത്. ജോലിഭാരം മാനസികമായി മാത്രം ബാധിക്കുന്ന ഒന്നാണ് ശാരീരികമായി കുഴപ്പമില്ല. നിങ്ങള്‍ ജോലിഭാരം പറഞ്ഞുകൊണ്ടിരുന്നാല്‍ മികച്ച താരങ്ങള്‍ നിങ്ങള്‍ക്കായി ഗ്രൗണ്ടില്‍ കാണില്ല. എപ്പോഴെങ്കിലും ഒരു സൈനികന്‍ തണുപ്പിനെ പറ്റി പരാതി പറഞ്ഞിട്ടുണ്ടോ. നിങ്ങളുടെ മികച്ചത് രാജ്യത്തിനായി നല്‍കുക. എന്താണ് റിഷഭ് പന്ത് നമുക്ക് കാണിച്ച് തന്നത്. മുറിവുമായാണ് അദ്ദേഹം കളിക്കാനിറങ്ങിയത്. അതാണ് ടീം നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഗവാസ്‌കര്‍ വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍