ഇംഗ്ലീഷ് പേസില്‍ എട്ട് ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ തെറിച്ചു; കുറ്റി തെറിച്ചതറിയാതെ മുരളി വിജയ് - തകര്‍ച്ചയ്‌ക്ക് സാക്ഷിയായി കോഹ്‌ലി വീണ്ടും
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റിലും ഇന്ത്യക്ക് കനത്ത തിരിച്ചടി. മഴ മൂലം ആദ്യ ദിനം ഉപേക്ഷിച്ചെങ്കിലും ടോസ് നഷ്‌ടപ്പെട്ട് രണ്ടാം ദിവസം ബാറ്റിംഗിന് ഇറങ്ങിയ വിരാട് കോഹ്‌ലിക്കും സംഘത്തിനും വന്‍ ആഘാതമാണ് ഇംഗ്ലീഷ് ബോളര്‍മാര്‍ നല്‍കിയത്. 8.3 ഓവറില്‍ 15/3 എന്ന നിലയിലാണ് ഇന്ത്യ.
ആദ്യ ഓവറിൽത്തന്നെ ഓപ്പണർ മുരളി വിജയിയെ ജയിംസ് ആൻഡേഴ്സണ്‍ ക്ലീന്‍ ബൌള്‍ഡാക്കി. ആന്‍ഡേഴ്‌സന്റെ ‘മാന്ത്രിക’ ബോളില്‍ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കുന്നതിന് മുമ്പ് തന്നെയാണ് ഇന്ത്യന്‍ താരം കൂടാരം കയറിയത്.
14 പന്തിൽ രണ്ടു ബൗണ്ടറികളോടെ എട്ടു റൺസെടുത്ത ലോകേഷ് രാഹുലാണ് രണ്ടാമനായി പുറത്തായത്. രാഹുലിനെ ആൻഡേഴ്സൻ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ കൈകളിലെത്തിച്ചു. ടെസ്‌റ്റിലെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പൂജാരയാണ് മൂന്നാമനായി പുറത്തായത്.
ഒരു റണ്‍സെടുത്ത് നില്‍ക്കെ റണ്‍ ഔട്ടാകുകയായിരുന്നു പുജാര. തുടർച്ചയായ രണ്ടാം മൽസരത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ധവാനും ഉമേഷും പുറത്തായപ്പോള്‍ പൂജാരയും കുൽദീപും ടീമിലെത്തി.