കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി- 20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയോട് ഒരു റണ്ണിന് തോറ്റ് പുറത്തായതിന്റെ പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരമായിട്ടാണ് ബംഗ്ലാദേശ് ചാമ്പ്യന്‍സ് ട്രോഫി സെമിയെ കാണുന്നത്.
എന്തു വിലകൊടുത്തും വിരാട് കോഹ്‌ലിയേയും സംഘത്തിനെയും തോല്‍പ്പിക്കാന്‍ ലക്ഷ്യംവെച്ച് മുന്നൊരുക്കങ്ങള്‍ നടത്തുന്ന കടുവകള്‍ ഇന്ത്യയുടെ വീക്ക് പോയിന്റ് കണ്ടുപിടിച്ചെന്നാണ് അവകാശപ്പെടുന്നത്.
ഇന്ത്യന്‍ ടീമിന്റെ രണ്ട് ദുര്‍ബലതകളാണ് ബംഗ്ലാദേശ് പരിശീലകന്‍ ചന്‍ഡികാ ഹതുരുസിംഗയുടെ നേതൃത്വത്തില്‍ കണ്ടു പിടിച്ചിരിക്കുന്നത്. ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ്മ എന്നിവരില്‍ ഒരാള്‍ വേഗം പുറത്താകുകയും പിന്നാലെ എത്തുന്ന കോഹ്‌ലിയെ നിലയുറപ്പിക്കും മുമ്പ് കൂടാരം കയറ്റാനും സാധിച്ചാല്‍ ഇന്ത്യന്‍ ടീം സമ്മര്‍ദ്ദത്തിലാകുമെന്നും അവരുടെ ബാറ്റിംഗ് നിര തകരുമെന്നുമാണ് ബംഗ്ലാദേശ് കണ്ടെത്തിയിരിക്കുന്നത്.
പേസര്‍മാരായ മുഹമ്മദ് മൊര്‍ത്താസ, തസ്‌കിന്‍ അഹമ്മദ്, റൂബില്‍ ഹുസൈന്‍ എന്നിവരെ ഉപയോഗിച്ച് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ല് ഒടിക്കാമെന്നുമാണ് അവര്‍ വിശ്വിക്കുന്നത്.
രണ്ടാമത്തെ വീക് പോയിന്റായി കാണുന്നത് യുവരാജ് സിംഗിനെയാണ്. ഇന്ത്യന്‍ ടീമിലെ ഏറ്റവും ദുര്‍ബലനായ താരമെന്നാണ് യുവിയെ കടുവകള്‍ വിലയിരുത്തുന്നത്. ഫീല്‍ഡിംഗില്‍ അദ്ദേഹം വളരെ മോശമാണെന്ന് വീഡിയോ പഠനങ്ങളിലൂടെ ബംഗ്ലാ താരങ്ങള്‍ മനസിലാക്കിയെന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.