ടി20 ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. രോഹിത്തിൻ്റെ അഭാവത്തിൽ യുവതാരം ഹാർദ്ദിക്കിൻ്റെ കീഴിൽ യുവനിരയെ അണിനിരത്തി പുതിയ ടി20 ടീമിനെ കെട്ടിപടുക്കണമെന്ന അഭിപ്രായം ഉയരുമ്പോഴാണ് രോഹിത്ത് നിലപാട് വ്യക്തമാക്കിയത്.
ഏകദിന ലോകകപ്പ് വരുന്നതിനാൽ എല്ലാ ഫോർമാറ്റിലും താരങ്ങൾക്ക് അവസരം ലഭിക്കില്ലെന്നത് നേരത്തെ വ്യക്തമാണ്. മത്സരങ്ങളുടെ ആധിക്യം കാരണമാണ് ഞാനടക്കമുള്ള സീനിയർ താരങ്ങൾക്ക് ടി20 ടീമിൽ വിശ്രമം ലഭിച്ചത്. രോഹിത് പറഞ്ഞു. ഈ വർഷം ലോകകപ്പിന് മുൻപ് ആകെ 6 ടി20 മത്സരങ്ങളാണ് നമ്മൾ കളിക്കുന്നത്. അതിൽ മൂന്നെണ്ണം കഴിഞ്ഞു. ഇനി ന്യൂസിലൻഡിനെതിരായ 3 മത്സരങ്ങളാണ് ബാക്കിയുള്ളത്.
അതിന് ശേഷം യുവതാരങ്ങൾ അടക്കമുള്ളവർ ഐപിഎൽ കളിക്കും. അതിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. എന്തായാലും തത്കാലം ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല.രോഹിത് ശർമ പറഞ്ഞു.