ഓപ്പൺ ചെയ്യേണ്ടത് സഞ്ജുവും രാഹുലും, ധവാനെ എന്തിന് വീണ്ടും ഓപ്പണറാക്കിയെന്ന് ഗൗതം ഗംഭീർ

അഭിറാം മനോഹർ
തിങ്കള്‍, 6 ജനുവരി 2020 (14:17 IST)
ശ്രീലങ്കക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശിഖർ ധവാനെ ഓപ്പണറാക്കി ഇറക്കാനുള്ള ഇന്ത്യൻ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണിങ് താരം ഗൗതം ഗംഭീർ. പരിക്കിൽ നിന്നും മോചിതനായതോടെയാണ് ധവാനെ ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഉൾപ്പെടുത്തിയത്.
 
ലങ്കക്കെതിരെയുള്ള ടി20 പരമ്പരയിൽ രാഹുലിനൊപ്പം മലയാളിതാരം സഞ്ജു സാംസണിനെയാണ് ഓപ്പണറായി ഇറക്കേണ്ടിയിരുന്നതെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു.  മഴ മൂലം ഒരോവർ പോലും കളിക്കാനാവാതെ ഉപേക്ഷിക്കപ്പെട്ട ആദ്യ ടി20 മത്സരത്തിൽ പ്ലേയിങ് ഇലവനിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെതിരെയാണ് ഗംഭീർ ഇപ്പോൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് ഈ പരമ്പരയിൽ ടീം നേരത്തെ വിശ്രമം അനുവദിച്ചിരുന്നു.
 
പ്ലേയിങ് ഇലവനിൽ ഇങ്ങനെ തുടർച്ചയായി സഞ്ജുവിന് ഇടം നൽകാതിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ഗംഭീർ. താനായിരുന്നുവെങ്കിൽ ധവാൻ പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും സഞ്ജുവിനെയായിരിക്കും ലങ്കക്കെതിരായ മത്സരത്തിൽ കളിപ്പിക്കുകയെന്നും സഞ്ജുവിന് ടീമിൽ അവസരം അർഹിക്കുന്നതായും കൂട്ടിച്ചേർത്തു.
 
കഴിഞ്ഞ വർഷം അവസാനം നടന്ന ഇന്ത്യയുടെ രണ്ട് ടി20 പരമ്പരകളിലും സഞ്ജു ടീമിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും ആറ് മത്സരങ്ങളിൽ ഒന്നിൽ പോലും സഞ്ജുവിന് അവസരം നൽകിയിരുന്നില്ല. സഞ്ജുവിനെ തുടർച്ചയായി ഒഴിവാക്കുന്നതിനെതിരെ മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article