പാക് ക്രിക്കറ്റ് ടീമില്‍ വമ്പന്‍ അഴിച്ചു പണി വരുന്നു; വെളിപ്പെടുത്തലുമായി ഇമ്രാന്‍ ഖാന്‍
ലോകകപ്പില്‍ സെമി കാണാതെ പുറത്തായത് പാകിസ്ഥാന്‍ ടീമിനെ നാണക്കേടിലേക്ക് തള്ളിവിട്ടിരുന്നു. വിമര്‍ശനങ്ങളും ആരോപണങ്ങളും ശക്തമായതോടെ ഇന്‍സമാം ഉള്‍ ഹഖ് മുഖ്യ സെലക്ടര്‍ പദവി ഒഴിഞ്ഞിരുന്നു.
പാക് ടീമിന്റെ പ്രകടനത്തെ തള്ളിപ്പറഞ്ഞ് ആരാധകരും രംഗത്തുവന്നതോടെ ടീമിനെ ഉടച്ചുവാര്‍ക്കുമെന്ന അവകാശവാദവുമായി പാക് പ്രധാനമന്ത്രിയും മുന്‍ ലോകകപ്പ് നായകനുമായ ഇമ്രാന്‍ ഖാന്‍ രംഗത്തുവന്നു.
“ടീമിനെ അടിമുടി വാര്‍ത്തുടയ്‌ക്കാനാണ് തന്‍റെ തീരുമാനം. അടുത്ത ലോകകപ്പില്‍ പാക് ടീം പ്രഫഷണല്‍ സംഘമായിരിക്കും. എന്‍റെ ഈ വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂ. പാക് ക്രിക്കറ്റിനെ സ്ഥിരപ്പെടുത്തും. ലോകത്തെ മികച്ച ടീമുകളിലൊന്നാക്കും“- എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നതിന് ഇടയിലാണ് ഇമ്രാന്‍ ഖാന്‍ പാക് ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള ഭാവി നിലപാട് വ്യക്തമാക്കിയത്. നിലവിലെ താരങ്ങളില്‍ പലരും ടീമില്‍ നിന്നും പുറത്താകുമെന്നാണ് റിപ്പോര്‍ട്ട്.