ഐപിഎല്ലിൽ താൻ ഇതുവരെ കണ്ടതിൽ ഏറ്റവും മോശമായ തീരുമാനം ഡേവിഡ് വാർണറെ ടീമിൽ നിന്നും പുറത്താക്കാനുള്ള സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ തീരുമാനമായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് മുൻ ഓസീസ് താരം ഷെയ്ൻ വാട്ട്സൺ. വാർണറുടെ ഐപിഎൽ കരിയറിലെ ഏറ്റവും മോശം വർഷമായിരുന്നു 2021. എന്നാൽ തങ്ങളെ കന്നി കിരീടത്തിലേക്കെത്തിച്ച എല്ലാ സീസണുകളിലും ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച വാർണറോട് ഒരു ബഹുമാനവുമില്ലാതെയാണ് ഹൈദരാബാദ് പെരുമാറിയത്. നിലവിൽ ഡൽഹി ക്യാപ്പിറ്റൽസ് നായകനാണ് വാർണർ.
വാർണറെ പറ്റി ഷെയ്ൻ വാട്ട്സൻ പറയുന്നത് ഇങ്ങനെ
ഡേവ് ഡൽഹിയുടെ നായകനായത് ടീമിന് ഗുണം ചെയ്യും എന്നതിൽ സംശയമില്ല. ഐപിഎല്ലിൽ അവിശ്വസനീയമാം വിധം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് അവൻ. ഹൈദരാബാദിൽ മൂന്നോ നാലോ മോശം പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ടാകാം. കുറച്ച് കളികളിൽ തിളങ്ങിയില്ല എന്ന പേരിൽ ഹൈദരാബാദ് അദ്ദേഹത്തോട് ചെയ്തത് ശരിയല്ല. കഴിഞ്ഞ സീസണിൽ ഡൽഹിക്കായി മികച്ച പ്രകടനം നടത്താൻ വാർണറിനായി. അദ്ദേഹം മികച്ച നേതാവും നല്ലൊരു മാനേജറുമാണ്. അതിനാൽ തന്നെ ഇത്തവണ ഡൽഹിക്ക് വേണ്ടി തിളങ്ങാൻ താരത്തിനാകും. വാട്ട്സൻ പറഞ്ഞു.