Virat Kohli: 39-ാം ഓവര്‍ മുതല്‍ ബീസ്റ്റ് മോഡ്, രാഹുലിന്റെ പിന്തുണ കൂടിയായപ്പോള്‍ എല്ലാം ശുഭം; അവസാന രണ്ട് ഓവറില്‍ കോലി ചെയ്തത് !

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2023 (09:24 IST)
Virat Kohli: ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റും 51 ബോളും ബാക്കിനില്‍ക്കെയാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യക്ക് വേണ്ടി വിരാട് കോലി സെഞ്ചുറി നേടി. ഏകദിന കരിയറിലെ 48-ാം സെഞ്ചുറിയാണ് കോലി ബംഗ്ലാദേശിനെതിരെ നേടിയത്. ഒരിക്കലും കോലിക്ക് സെഞ്ചുറി നേടാന്‍ സാധിക്കില്ലെന്ന് എല്ലാവരും ഉറപ്പിച്ച സമയത്താണ് ആ സെഞ്ചുറി പിറക്കുന്നത്. 
 
38 ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 229-3 എന്ന നിലയിലായിരുന്നു. അതായത് 12 ഓവര്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് 28 റണ്‍സ് മാത്രം. 77 പന്തില്‍ നിന്ന് 73 റണ്‍സുമായി കോലിയും 33 പന്തില്‍ നിന്ന് 33 റണ്‍സുമായി കെ.എല്‍.രാഹുലും ക്രീസില്‍. കോലിക്ക് സെഞ്ചുറി അടിക്കാന്‍ വേണ്ടത് 27 റണ്‍സ് ! 
 
39-ാം ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്. കാരണം കോലിക്ക് സ്‌ട്രൈക്ക് കൊടുക്കുന്നതില്‍ മാത്രമായിരുന്നു രാഹുലിന്റെ ശ്രദ്ധ. അസാധ്യമാണെങ്കിലും വേണമെന്ന് വെച്ചാല്‍ കോലിക്ക് സെഞ്ചുറി നേടാമെന്ന് രാഹുല്‍ ഉറപ്പിച്ചു. അതിനുവേണ്ടി പിന്തുണ നല്‍കാനും താരം തീരുമാനിച്ചു. കോലി സിംഗിളിനായി വിളിച്ചപ്പോള്‍ രാഹുല്‍ അത് നിഷേധിക്കുകയായിരുന്നു. 39-ാം ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സും അവസാന പന്തില്‍ സിംഗിളും നേടി കോലി തന്റെ വ്യക്തിഗത സ്‌കോര്‍ 81 ല്‍ എത്തിച്ചു. പിന്നീടങ്ങോട്ട് എല്ലാ ബോളും നേരിട്ടത് കോലി തന്നെ.
 
40-ാം ഓവറില്‍ ഫോര്‍, സിക്‌സ്, സിംഗിള്‍ എന്നിങ്ങനെ 11 റണ്‍സ് കോലി നേടി. അപ്പോള്‍ വ്യക്തിഗത സ്‌കോര്‍ 92 ല്‍ എത്തി. തൊട്ടടുത്ത ഓവറില്‍ അഞ്ച് റണ്‍സ് മാത്രം. 42-ാം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സര്‍ പറത്തി കോലി സെഞ്ചുറി കുറിക്കുകയും ചെയ്തു. 12 ഓവര്‍ ശേഷിക്കെ 28 റണ്‍സ് ജയിക്കാന്‍ വേണ്ട സമയത്ത് 73 റണ്‍സുമായി ക്രീസില്‍ ഉണ്ടായിരുന്ന കോലി പിന്നീട് അടിച്ചുകൂട്ടിയത് 30 റണ്‍സ് ! 
 

അനുബന്ധ വാര്‍ത്തകള്‍

Next Article