Hardik Pandya: രോഹിത് ശര്‍മ ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സ്ഥിരം നായകസ്ഥാനം. ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ഉപനായകനായിരുന്നു ഹാര്‍ദിക്. നവംബറില്‍ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഹാര്‍ദിക് ആയിരിക്കും ഇന്ത്യയെ നയിക്കുക. അടുത്ത മാസം സിംബാബ്വെയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യയെ നയിക്കുക. ഹാര്‍ദിക് അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
രോഹിത്തിന്റെ അസാന്നിധ്യത്തില്‍ 16 ട്വന്റി 20 മത്സരങ്ങളില്‍ ഹാര്‍ദിക് ഇന്ത്യയെ നയിച്ചിട്ടുണ്ട്. അതില്‍ 10 കളികളില്‍ ജയിക്കുകയും അഞ്ച് മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. ഒരു കളി ഫലമില്ലാതെ അവസാനിച്ചു. 62.50 ആണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഹാര്‍ദിക്കിന്റെ വിജയ ശരാശരി. രോഹിത്തിനു ശേഷം ഹാര്‍ദിക് തന്നെയായിരിക്കും ഇന്ത്യന്‍ നായകനെന്ന് ബിസിസിഐ പല തീരുമാനങ്ങളിലൂടെയും പരോക്ഷ സൂചന നല്‍കിയിരുന്നു.
അതേസമയം ഹാര്‍ദിക് നായകനായി എത്തുമ്പോള്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ഉപനായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഉപനായകസ്ഥാനത്തേക്കുള്ള പരിഗണന പട്ടികയിലുണ്ട്.