യുദ്ധം വന്നാൽ പേടിച്ചോടുന്നവനല്ല ഹാർദ്ദിക്, ഇന്ത്യൻ ജേഴ്സിയിൽ വേറെ തന്നെയെന്ന് ആരാധകർ

അഭിറാം മനോഹർ
ഞായര്‍, 2 ജൂണ്‍ 2024 (10:48 IST)
ഐപിഎല്ലിലെ തന്റെ മോശം ഫോമില്‍ വിമര്‍ശിച്ചവര്‍ക്കെതിരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ മറുപടി നല്‍കി ഇന്ത്യന്‍ ഉപനായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില്‍ 23 പന്തില്‍ നിന്നും പുറത്താകാതെ 40 റണ്‍സുമായി ഹാര്‍ദ്ദിക് തിളങ്ങിയിരുന്നു, ബൗളിങ്ങിനിറങ്ങിയപ്പോള്‍ ബംഗ്ലാദേശിന്റെ ഒരു വിക്കറ്റ് സ്വന്തമാക്കാനും ഹാര്‍ദ്ദിക്കിനായി. 
 
 2024 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് നായകനായി കളിക്കാനിറങ്ങിയ ഹാര്‍ദ്ദിക് ബൗളിംഗില്‍ അവസാന മത്സരങ്ങളില്‍ താളത്തിലെത്തിയെങ്കിലും ബാറ്റിംഗില്‍ പൂര്‍ണ്ണമായും നിരാശപ്പെടുത്തിയിരുന്നു. ഐപിഎല്ലിലെ 14 മത്സരങ്ങളില്‍ നിന്നും വെറും 216 റണ്‍സാണ് താരം നേടിയത്. 11 എന്ന മോശം എക്കോണമിയില്‍ 11 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ പാണ്ഡ്യ നേടിയത്. ഇതോടെ ഇന്ത്യന്‍ ടീമിലേക്ക് പാണ്ഡ്യയെ പരിഗണിക്കരുതെന്ന് പല കോണില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഇന്ത്യന്‍ ടീമില്‍ പാണ്ഡ്യ മറ്റൊരു തരത്തിലുള്ള കളിക്കാരനാണെന്നാണ് പല മുന്‍താരങ്ങളും അഭിപ്രായപ്പെട്ടിരുന്നത്. ഇത് ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തിലെ പ്രകടനത്തോടെ തെളിയിച്ചിരിക്കുകയാണ് താരം.
 
യുദ്ധരംഗത്ത് നിന്നും ഒളിച്ചോടുന്നത് തന്റെ രീതിയല്ലെന്ന് ബംഗ്ലാദേശുമായുള്ള മത്സരത്തിന് മുന്‍പ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദ്ദിക് പറഞ്ഞിരുന്നു. പറഞ്ഞ വാക്ക് സത്യമാണെന്ന് പാണ്ഡ്യ തെളിയിച്ചെന്നാണ് ആരാധകരും ഇപ്പോള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article