തോൽവി നിരാശപ്പെടുത്തുന്നു, പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും- കോലി

ആഭിറാം മനോഹർ
തിങ്കള്‍, 2 മാര്‍ച്ച് 2020 (11:00 IST)
ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യൻ തോൽവിയിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോലി. മത്സരത്തിൽ ഇന്ത്യക്ക് വിചാരിച്ചത് പോലെ കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കാത്തതും ന്യൂസിലൻഡ് തങ്ങളുടെ പദ്ധതികളിൽ ഉറച്ചുനിന്നതുമാണ് തിരിച്ചടിയായതെന്ന് കോലി പറഞ്ഞു. ബൗളർമാർക്ക് എന്തെങ്കിലും ചെയ്യുവാൻ സാധിക്കുന്നതിന് ആവശ്യമായുള്ള പ്രകടനം ഇന്ത്യൻ ബാറ്റിങ്ങ് നിര പുറത്തെടുത്തില്ലെന്നും മത്സരശേഷം വിരാട് കോലി പ്രതികരിച്ചു.
 
ടോസ് മത്സരത്തിലെ ഒരു പ്രധാനവിഷയമാണെങ്കിലും ടോസിന്റെ കാര്യത്തിൽ പരാതികളൊന്നും ഇല്ല. രണ്ട് ടെസ്റ്റിലും ബൗളർമാർക്ക് ആനുകൂല്യം ഉണ്ടായിരുന്നു.പക്ഷേ ഒരു രാജ്യാന്തര മത്സരമെന്ന നിലയിൽ അതു മനസ്സിലാക്കാൻ തയാറാകണം. ബോളർമാരെ അഭിനന്ദിച്ച കോലി തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ബൗളിംഗ് മികച്ച നിലവാരം പുലർത്തിയതായും കൂട്ടിച്ചേർത്തു.
 
ആദ്യ ടെസ്റ്റ് മത്സരത്തിലും ഇന്ത്യയുടെ ബൗളിംഗ് പ്രകടനം മികച്ചതായിരുന്നു.ചിലപ്പോളൊക്കെ എങ്ങനെ ബൗൾ ചെയ്‌താലും കാര്യങ്ങൾ ശരിയാകണമെന്നില്ല.തോൽ‌വി നിരാശപ്പെടുത്തുന്നതാണ് എന്നാൽ തോൽവിയിൽ നിരാശപ്പെടരുതെന്നും പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ചെയ്യേണ്ടതെന്നും കോലി വ്യക്തമാക്കി.ക്രൈസ്റ്റ്ചർച്ചിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റിനാണ് ന്യൂസീലൻഡ് ഇന്ത്യയെ തോൽപിച്ചത്. ഇതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് കിവികൾ തൂത്തുവാരി. വെല്ലിങ്ങ്ടണിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ഇന്ത്യൻ തോൽവി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article