ജാമിസൺ പേസാക്രമണത്തിൽ തകർന്നടിഞ്ഞ് ഇന്ത്യ, ആദ്യ ദിനം 242 റൺസിന് പുറത്ത്

അഭിറാം മനോഹർ

ശനി, 29 ഫെബ്രുവരി 2020 (11:38 IST)
കെയ്‌ൽ ജാമിസണിന്റെ പേസാക്രമണത്തിൽ തകർന്ന ഇന്ത്യ ന്യൂസിലൻഡിനെതിരായ അവസാന ടെസ്റ്റിൽ 242 റൺസിന് പുറത്ത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യദിനത്തിലെ മൂന്നാം സെഷനിൽ തന്നെ പത്ത് വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു. പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി എന്നിവരുടെ അര്‍ധ സെഞ്ചുറികൾ മാത്രമാണ് ഇന്ത്യൻ നിരയിൽ എടുത്തുപറയാനായുള്ളത്. മത്സരത്തിൽ വെറും 48 റൺസിനിടയാണ് ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകളും നഷ്ടമായത്.
 
മേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഏഴ് റൺസെടുത്ത ഓപ്പണർ മായങ്ക് അഗർവാളിനെ നഷ്ടമായിരുന്നു. എന്നാൽ ഒരറ്റത്ത് യുവതാരം പൃഥ്വി ഷാ അനായാസം റൺസ് കണ്ടെത്തിയതോടെ ടീം ആത്മവിശ്വാസം വീണ്ടെടുത്തു.ഏകദിന ശൈലിയിൽ തകർത്തടിച്ച ഷാ 64 പന്തിൽ 54 റൺസെടുത്ത് പുറത്തായി.അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ചേതേശ്വര്‍ പൂജാരയും ഹനുമ വിഹാരിയും 81 റൺസ് കൂട്ടിചേർത്ത് ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും കരകയറ്റി.പൂജാര 140 പന്തില്‍ 54ഉം വിഹാരി 70 പന്തില്‍ 55ഉം റണ്‍സെടുത്തു.എന്നാൽ ഇരുവരും പുറത്തായതോടെ അതിവേഗമാണ് ഇന്ത്യൻ താരങ്ങൾ പവലിയനിലേക്ക് മടങ്ങിയത്.മത്സരത്തിൽ വെറും മൂന്ന് റൺസുമായി ഇന്ത്യൻ നായകൻ വിരാട് കോലി വീണ്ടും നിരാശപ്പെടുത്തൽപ്പോൾ ജസ്പ്രീത് ബു‌മ്ര 10 റൺസുമായി പുറത്താവാതെ നിന്നു.
 
ന്യൂസിലൻഡ് നിരയിൽ യുവപേസ് ബൗളർ കെയ്‌ൽ ജാമിസൺ 14 ഓവറില്‍ 45 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി.ടിം സൗത്തിയും ട്രെൻഡ് ബോൾട്ടും രണ്ടു വീതവും വാഗ്നർ ഒരു വിക്കറ്റും മത്സരത്തിൽ സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍