കോലി നാട്ടിൽ മാത്രം പുലിയോ? ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ കണക്കുകൾ ഇങ്ങനെ

അഭിറാം മനോഹർ

ശനി, 29 ഫെബ്രുവരി 2020 (11:03 IST)
ഇന്ത്യൻ നായകൻ വിരാട് കോലി തന്റെ കരിയറിലെ തന്നെ ഏറ്റവും സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഏകദിന ടി20 മത്സരങ്ങളിൽ പരാജയപ്പെട്ട കോലി ടെസ്റ്റിലൂടെ തന്റെ ശക്തമായ തിരിച്ചുവരവ് പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കഴിഞ്ഞ മൂന്ന് ഇന്നിങ്സുകളിലും കാഴ്ച്ചവെച്ചത്.
 
വിദേശത്ത് കോലി തന്റെ മോശം ഫോം തുടരുമ്പോൾ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രകാരം കോലി നാട്ടിൽ പുലിയും വിദേശത്ത് പൂച്ചക്കുട്ടിയുമാണെന്നാണ് വിമർശകർ പറയുന്നത്. അതിനുള്ള കണക്കുകളും അവർ നൽകുന്നു.ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നാട്ടിലും വിദേശത്തുമായി ഇതുവരെ 12 ഇന്നിങ്‌സുകള്‍ വീതമാണ് കോലി കളിച്ചിട്ടുള്ളത്.
 
നാട്ടില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്നും 113.25 ശരാശരിയില്‍ 453 റൺസ് കോലി അടിച്ചെടുത്തിട്ടുണ്ടെങ്കിൽ വിദേശത്ത് ആറ് ഇന്നിങ്സുകളിൽ നിന്നും 26.16 ശരാശരിയില്‍ വെറും 157 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. മാത്രമല്ല ഏഷ്യക്കു പുറത്ത് മൂന്നു തവണയാണ് രണ്ടക്കം കാണുന്നതിന് മുൻപ് കോലി പുറത്തായത്.
 
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വിദേശത്തെ ടെസ്റ്റുകളിലെ ബാറ്റിങ് പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മോശം ശരാശരിയുള്ള മൂന്നാമത്തെയാള്‍ കൂടിയാണ് കോലി. വിദേശത്ത് ഒരു സെഞ്ച്വറി കൂടി ഇന്ത്യൻ നായകന് കീഴിലില്ല. നിലവിൽ ലോക ചാംപ്യന്‍ഷിപ്പില്‍ വിദേശത്തു ചുരുങ്ങിയത് അഞ്ച് ഇന്നിങ്‌സുകളെങ്കിലും കളിച്ചിട്ടുള്ളവരില്‍ ഏറ്റവു മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യൻ താരം അജിങ്ക്യ രഹാനെയാണ്.ആറ് ഇന്നിങ്‌സുകളില്‍ നിന്നും 69.20 ശരാശരിയില്‍ 346 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍