പൃഥ്വി ഷായ്‌ക്ക് പരിക്ക്, രണ്ടാം ടെസ്റ്റിൽ ശുഭ്‌മാൻ ഗിൽ ഓപ്പണറായേക്കും

അഭിറാം മനോഹർ

വ്യാഴം, 27 ഫെബ്രുവരി 2020 (13:05 IST)
ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയെ ആശങ്കയിലാഴ്ത്തി പരിക്ക്. നേരത്തെ പരിക്ക് മൂലം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ ഓപ്പണിത്താരമായ രോഹിത് ശർമ്മക്ക് പുറമെ അദേഹത്തിന് പകരം ടീമിലെത്തിയ യുവതാരം പൃഥ്വി ഷായ്‌ക്കാണ് ഇപ്പോൾ പരിക്കേറ്റിരിക്കുന്നത്.ഇടതുകാലിൽ വീക്കം ബാധിച്ചതിനെ തുടർന്ന് ഇന്നലത്തെ പരിശീലന സെഷനിൽ പൃഥ്വി ഷാ പങ്കെടുത്തിരുന്നില്ല. ഇതോടെ ന്യൂസിലൻഡിനെതിരെ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പൃഥ്വി ഷാ ഉണ്ടാകുമോ എന്ന കാര്യം ആശങ്കയിലാണ്.
 
ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ എടുത്തുപറയാനുള്ള പ്രകടനമൊന്നും ആദ്യ ടെസ്റ്റ് മത്സരത്തിൽ പൃഥ്വി ഷാ കാഴ്ച്ചെവെച്ചിരുന്നില്ലെങ്കിലും ഷായ്‌ക്ക് ഉറച്ച പിന്തുണയുമായി ഇന്ത്യൻ നായകൻ വിരാട് കോലി രംഗത്തെത്തിയിരുന്നു.ഷാ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പരിക്ക് ഇന്ത്യൻ ടീമിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഇടതുകാലിന്റെ വീക്കത്തിന്റെ കാരണം കണ്ടെത്താൻ ഷായെ കൂടുതൽ പരിശോധനയിൽ വിധേയമാക്കിയേക്കുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പരിശോധനയിൽ കുഴപ്പമില്ലെന്നു തെളിഞ്ഞാൽ ഷാ കളിക്കാനാണ് സാധ്യത.
 
ഇനി പരിശോധനയിൽ പൃഥ്വി ഷാ പരാജയപ്പെടികയാണെങ്കിൽ താരത്തിന് പകരം പഞ്ചാബിൽനിന്നുള്ള യുവതാരം ശുഭ്മാൻ ഗിൽ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. നിലവിൽ ന്യൂസീലൻഡ് എ ടീമിനെതിരായ പരമ്പരയിൽ ഇന്ത്യ എയ്ക്കായി ഒരു ഇരട്ടസെഞ്ചുറിയും സെഞ്ചുറിയും നേടി മികച്ച ഫോമിലാണ് ശുഭ്മാൻ ഗില്ലുള്ളത്. പരിശീലന സെഷനിൽ രവി ശാസ്ത്രി ഏറെനേരം ഗില്ലിനൊപ്പം ചെലവഴിച്ചതും താരത്തിന്റെ അരങ്ങേറ്റ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍