ക്രിക്കറ്റ് 11 പേരുടെ കളിയാണ്, അങ്ങനെ പോകുന്നത് തന്നെയാണ് നല്ലത്, രോഹിത്തിന് പിന്നാലെ ഇമ്പാക്റ്റ് പ്ലെയർ റൂളിനെ വിമർശിച്ച് മില്ലറും

അഭിറാം മനോഹർ

വ്യാഴം, 25 ഏപ്രില്‍ 2024 (10:40 IST)
രോഹിത് ശര്‍മയ്ക്ക് പിന്നാലെ ഐപിഎല്ലിലെ ഇമ്പാക്റ്റ് പ്ലെയര്‍ റൂളിനെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ താരമായ ഡേവിഡ് മില്ലറും. കഴിഞ്ഞ ദിവസമാണ് രോഹിത് ശര്‍മ ഐപിഎല്ലിലെ പുതിയ നിയമമായ ഇമ്പാക്ട് പ്ലെയര്‍ ഓള്‍ റൗണ്ടര്‍മാരെ ഇല്ലാതെയാക്കുമെന്ന ആശങ്ക പങ്കുവെച്ചത്. ഇമ്പാക്ട് പ്ലെയര്‍ നിയമത്തെ പിന്തുണച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ വരുന്നതിനിടെയാണ് രോഹിത് ശര്‍മയുടെ വാദത്തെ ഡേവിഡ് മില്ലറും പിന്തുണച്ചിരിക്കുന്നത്.
 
ഒരു കളിയില്‍ 6 ബൗളര്‍മാരും 8 ബാറ്റര്‍മാരും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഓള്‍ റൗണ്ടര്‍മാര്‍ ഇപ്പോള്‍ പുറത്താണ് എന്ന സ്ഥിതിയാണ്. ഐപിഎല്ലില്‍ ഇതൊരു പരീക്ഷണമാണ്. എന്നാല്‍ അതുകൊണ്ട് യാതൊരു ഗുണവുമില്ല എന്നതാണ് സത്യം. ക്രിക്കറ്റിലെ എക്‌സൈറ്റ്‌മെന്റ് നിലനിര്‍ത്താന്‍ പുതിയ പരീക്ഷണങ്ങള്‍ ആവശ്യമാണ്. പക്ഷേ അടിത്തറ തകര്‍ത്തുകൊണ്ടാകരുത് അവയൊന്നും. ഇമ്പാക്ട് പ്ലെയര്‍ വന്നതോടെ ഒരു ബാറ്റര്‍ കൂടുതലുണ്ട് എന്ന ഉറപ്പ് ബാറ്ററെ കൂടുതല്‍ സ്വതന്ത്രനാക്കുന്നു. ആ സ്വാതന്ത്രമാണ് വലിയ സ്‌കോറുകള്‍ ഈ ഐപിഎല്ലില്‍ സംഭവിക്കാനുള്ള കാരണം.
 
അതേസമയം വരാനിരിക്കുന്ന ടി20 ലോകകപ്പിലെ കാര്യങ്ങള്‍ വ്യത്യസ്തമാകുമെന്നും ഐപിഎല്ലിലെ പോലെ വമ്പന്‍ സ്‌കോറുകള്‍ പിറക്കുന്ന ലോകകപ്പാകില്ല വരുന്നതെന്നും മില്ലര്‍ പറയുന്നു. നിങ്ങള്‍ കളിക്കുന്ന ദിവസത്തെ കണ്ടീഷന്‍ മനസിലാക്കുകയും അതിനനുസരിച്ച് കളിക്കുകയുമാണ് പ്രധാനം. മില്ലര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍