ക്യാപ്റ്റനായാല്‍ കളി ജയിപ്പിക്കണം, അല്ലാതെ സ്വന്തം സ്‌കോര്‍ മാത്രം ഉയര്‍ത്താന്‍ നോക്കിയിട്ട് കാര്യമില്ല; ബാബറിനെതിരെ മുന്‍ പാക് താരം

Webdunia
വ്യാഴം, 12 ജനുവരി 2023 (15:10 IST)
പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെതിരെ മുന്‍ പാക് താരം ഡാനിഷ് കനേറിയ. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെയാണ് കനേറിയ ബാബറിനെതിരെ രംഗത്തെത്തിയത്. വ്യക്തിഗത സ്‌കോറില്‍ മാത്രം ലക്ഷ്യമിട്ടാണ് ബാബര്‍ കളിച്ചതെന്നും ടീമിനെ ജയിപ്പിക്കണമെന്ന മനോഭാവം ബാബറിന് ഉണ്ടായിരുന്നില്ലെന്നും കനേറിയ കുറ്റപ്പെടുത്തി. 
 
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 262 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന പാക്കിസ്ഥാന്റെ ഇന്നിങ്‌സ് 43 ഓവറില്‍ 182 ന് തീര്‍ന്നു. 79 റണ്‍സിന്റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. 114 ബോളില്‍ നിന്ന് 79 റണ്‍സ് നേടിയ ബാബര്‍ അസം ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ ഈ ഇന്നിങ്‌സില്‍ ഒരിടത്ത് പോലും കളി ജയിക്കണമെന്ന വാശി ബാബറില്‍ കണ്ടില്ലെന്നാണ് കനേറിയയുടെ വിമര്‍ശനം. 
 
' ബാബര്‍ അസം ടീമിന്റെ നായകനാണ്. കളി ജയിക്കുകയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം, അല്ലാതെ സ്വന്തം റണ്‍സ് മാത്രമല്ല. യാതൊരു വിജയ തീക്ഷണതയും ആ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നില്ല. ഒന്ന് ശ്രമിച്ചു നോക്കുക പോലും ചെയ്തില്ല. അഗ സല്‍മാന്‍ അത്തരമൊരു തീക്ഷണത കാണിച്ചു. പക്ഷേ അദ്ദേഹത്തിനു വിക്കറ്റിനു നഷ്ടമായി. ഔട്ടാകുന്നതിനു മുന്‍പ് സ്വന്തം സ്‌കോര്‍ ഉയര്‍ത്താന്‍ മാത്രമാണ് ബാബര്‍ നോക്കിയത്. അതുകൊണ്ട് കൂടിയാണ് പാക്കിസ്ഥാന്‍ തോറ്റത്. ബാബര്‍ റണ്‍സ് നേടി, ശരി തന്നെ. പക്ഷേ ടീമിനെ ജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതുകൊണ്ട് എന്ത് പ്രയോജനം? വളരെ പതുക്കെയാണ് അദ്ദേഹം കളിച്ചത്. 79 റണ്‍സെടുക്കാന്‍ 114 പന്തുകള്‍ നേരിട്ടു,' കനേറിയ ആഞ്ഞടിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article