Sanju Samson vs Rishabh Pant: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കെ സഞ്ജു സാംസണു വേണ്ടി വാദിച്ച് മലയാളി ആരാധകര്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ ഇടം പിടിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ സഞ്ജുവാണെന്ന് മലയാളി ആരാധകര്‍ പറയുന്നു. പ്രകടനങ്ങളും ഏകദിനത്തിലെ കണക്കുകളും നോക്കിയാണ് ടീം തിരഞ്ഞെടുക്കുന്നതെങ്കില്‍ പന്തിനേക്കാള്‍ യോഗ്യത സഞ്ജുവിന് തന്നെയാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യക്കായി 31 ഏകദിനങ്ങളാണ് റിഷഭ് പന്ത് കളിച്ചിട്ടുള്ളത്. 33.50 ശരാശരിയില്‍ ഇതുവരെ നേടിയിരിക്കുന്നത് 871 റണ്‍സ്. അഞ്ച് അര്‍ധ സെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് താരത്തിന്റെ പേരിലുള്ളത്. സഞ്ജുവാകട്ടെ കണക്കുകളില്‍ പന്തിനേക്കാള്‍ ഏറെ മുന്നിലാണ്. 16 ഏകദിനങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സ് സഞ്ജു അടിച്ചുകൂട്ടിയിട്ടുണ്ട്. മൂന്ന് തവണ അര്‍ധ സെഞ്ചുറി നേടിയ താരം ഒരു സെഞ്ചുറിയും ഏകദിന ഫോര്‍മാറ്റില്‍ സ്വന്തമാക്കി. സ്‌ട്രൈക് റേറ്റ് എടുത്താലും പന്തിനേക്കാള്‍ മികവ് സഞ്ജുവിന് തന്നെയാണ്.
കെ.എല്‍.രാഹുല്‍ എന്തായാലും ടീമില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. രാഹുല്‍ വിക്കറ്റ് കീപ്പര്‍ ആകുകയാണെങ്കില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പന്തോ സഞ്ജുവോ ടീമില്‍ ഇടം പിടിക്കും. 50 ഓവര്‍ വിക്കറ്റ് കീപ്പറായി നില്‍ക്കാന്‍ രാഹുലിന് സാധിക്കുകയാണെങ്കില്‍ പന്തിനേയും സഞ്ജുവിനേയും ബെഞ്ചില്‍ ഇരുത്തി ഫിനിഷര്‍ റോളിലേക്ക് മറ്റൊരു വെടിക്കെട്ട് ബാറ്ററെ കൊണ്ടുവരാനാകും ഇന്ത്യ ലക്ഷ്യമിടുക. അങ്ങനെ വന്നാല്‍ റിങ്കു സിങ്ങിനാണ് കൂടുതല്‍ സാധ്യത.