നിയമങ്ങളൊക്കെ ഒരുപാട് മാറി, കോലിയേയും സച്ചിനേയും താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്ന് ഗൗതം ഗംഭീർ

Webdunia
ബുധന്‍, 11 ജനുവരി 2023 (14:32 IST)
ശ്രീലങ്കക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യമത്സരത്തിലെ സെഞ്ചുറിപ്രകടനത്തോടെ ഇന്ത്യൻ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറിൻ്റെ റെക്കോർശിനൊപ്പമെത്തിയെങ്കിലും കോലിയുടെയും സച്ചിൻ്റെയും റെക്കോർഡുകൾ തമ്മിൽ താരതമ്യം ചെയ്യാനാകില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സച്ചിൻ കളിച്ചിരുന്ന കാലത്തെ ക്രിക്കറ്റ് നിയമങ്ങളിൽ നിന്നും കളി ഒരുപാട് മാറിയെന്നും ഇപ്പോൾ ബാറ്റർമാർക്ക് അനുകൂലമായാണ് നിയമങ്ങൾ ഏറെയുമെന്നും ഗംഭീർ ടോക് ഷോയിൽ പറഞ്ഞു.
 
സത്യസന്ധമായി പറഞ്ഞാൽ റെക്കോർഡുകളിൽ വലിയ കാര്യമില്ല. കോലി ഏകദിനങ്ങളിൽ സച്ചിൻ്റെ റെക്കോർഡ് തകർക്കുമെന്ന് നമ്മൾ എല്ലാവർക്കുമറിയാം. കാരണം ക്രിക്കറ്റ് നിയമങ്ങൾ ഒരുപാട് മാറി. അതുകൊണ്ട് തന്നെ 2 കാലഘട്ടത്തിലെ കളിക്കാരെ താരതമ്യം ചെയ്യാനാവില്ല. സച്ചിൻ്റെ കാലത്ത് 2 ന്യൂബോൾ എടുക്കുന്ന രീതിയോ ഔട്ട് ഫീൽഡിൽ അഞ്ച് ഫീൽഡർമാരെ മാത്രം അനുവദിക്കുന്ന നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. എങ്കിലും ദീർഘകാലം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന വിരാട് കോലി ഏകദിനങ്ങളിൽ മാസ്റ്റർ എന്ന വിശേഷണത്തിനർഹതയുള്ള താരമാണെന്നതിൽ തർക്കമില്ലെന്നും ഗംഭീർ പറഞ്ഞു.
 
ഏകദിനത്തിൽ കൂടുതൽ സെഞ്ചുറികളെന്ന സച്ചിൻ്റെ നേട്ടത്തിനൊപ്പമെത്താൻ കോലിക്ക് നാല് സെഞ്ചുറികൾ കൂടിയാണ് ആവശ്യമുള്ളത്. വരുന്ന ഒന്നര വർഷത്തിനിടെ കോലി ഇത് മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ഏകദിനത്തിൽ 45 സെഞ്ച്വറികളാണ് കോലിയുടെ പേരിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article