ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞിരിക്കുകയാണ്.2019 ജൂലൈ 14നായിരുന്നു ഏകദിന ചരിത്രത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ ഫൈനല്‍ പോരാട്ടം ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സിൽ വെച്ച് നടന്നത്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്‌സാണ് നായകനായത്. മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണം കണക്കിലെടുത്തുകൊണ്ടായിരുന്നു ഇംഗ്ലണ്ട് ജേതാക്കളായത്.
മത്സരം ടൈ ആയി സൂപ്പർ ഓവറിലേക്ക് നീണ്ടതോടെ ബാറ്റ് വലിച്ചെറിഞ്ഞ് നിരാശനായിട്ടായിരുന്നു സ്റ്റോക്‌സിന്റെ മടക്കം.ഇപ്പോളിതാ സൂപ്പർ ഓവറിന്റെ സമ്മർദ്ദം അതിജീവിക്കാൻ ബെൻ സ്റ്റോക്‌സ് എന്താണ് ചെയ്‌തതെന്ന് തുറന്നുപറയുകയാണ് നിക്ക് ഹൗൾട്ട്, സ്റ്റീവ് ജയിംസ് എന്നിവർ ചേർന്നെഴുതിയ ‘മോർഗൻസ് മെൻ: ദി ഇൻസൈഡ് സ്റ്റോറി ഓഫ് ഇംഗ്ലണ്ട്സ് റൈസ് ഫ്രം ക്രിക്കറ്റ് വേൾഡ് കപ്പ് ഹ്യുമിലിയേഷൻ ടു ഗ്ലോറി’ എന്ന പുസ്തകം.
മത്സരത്തിൽ സമ്മർദ്ദസമയങ്ങളിൽ ഭൂരിഭാഗം നേരവും സ്റ്റോക്‌സ് ക്രീസിലുണ്ടായിരുന്നു.ടീമിനെ കരകയറ്റിയെതും വിജയത്തിലേക്ക് നയിച്ചതും സ്റ്റോക്‌സായിരുന്നു.നിശ്ചിത ഓവർ മത്സരം സമനിലയിലായതോടെ ഈ സമർദ്ദം അകറ്റാൻ സ്റ്റോക്‌സ് നേരെ ചെന്നത് കുളിമുറിയിലേക്കായിരുന്നുവെന്നാണ് പുസ്‌തകത്തിൽ പറയുന്നത്. അവിടെ നിന്ന് ഒരു സിഗരറ്റ് കത്തിച്ച ശേഷമായിരുന്നു സൂപ്പർ ഓവർ കളിക്കാൻ സ്റ്റോക്‌സ് ക്രീസിലെത്തിയത്.