കൊവിഡ് ഇടവേളയ്‌ക്ക് ശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 204 റൺസിനാണ് പുറത്തായത്.മറുപടി ബറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റൺസെടുത്തിട്ടുണ്ട്.
നേരത്തെ 35/1 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ഹോൾഡറും നാലുവിക്കറ്റ് നേടിയ ഷാനണ്‍ ഗബ്രിയേലും ചേര്‍ന്നാണ് 204 റണ്‍സിലൊതുക്കിയത്. 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.റോറി ബേണ്‍സ്(30), ജോസ് ബട്‌ലര്‍(35), ഡൊമനിക് ബെസ്സ്(31 നോട്ടൗട്ട്), ജോ ഡെന്‍ലി(18)എന്നിവർ മാത്രമാണ് ഇംഗ്ലണ്ടിനായി പൊരുതിയത്.
ഒരു ഘട്ടത്തിൽ 87/5 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ സ്റ്റോക്സും ബട്‌ലറും ചേര്‍ന്ന് 70 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ബട്‌ലറെ മടക്കി ഹോൾഡർ ആ പതീക്ഷകളും അവസാനിപ്പിച്ചു. അവസാന വിക്കറ്റിൽ ഇംഗ്ലണ്ട് നേടിയ 30 റൺസാണ് അവരെ സ്കോർ 200 കടത്താൻ സഹായിച്ചത്.20 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയാണ് ഹോള്‍ഡര്‍ ആറ് വിക്കറ്റെടുത്തത്. ഹോള്‍ഡറിുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.