മൂന്നാം ടി20യിലും ബാബറിന് അർധസെഞ്ചുറി, പക്ഷേ മൂന്നിലും പാകിസ്ഥാന് പരാജയം, പരമ്പര നഷ്ടം!

അഭിറാം മനോഹർ

ബുധന്‍, 17 ജനുവരി 2024 (16:50 IST)
പാകിസ്ഥാനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിനപരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ്. മൂന്നാം ടി20യിലും വിജയം നേടിയതോടെയാണ് പരമ്പര കിവികള്‍ സ്വന്തമാക്കിയത്. മൂന്നാം ടി20യില്‍ ഫിന്‍ അലന്റെ ഐതിഹാസികമായ സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ 224 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 20 വറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
 
പാകിസ്ഥാനായി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സൂപ്പര്‍ താരം ബാബര്‍ അസം അര്‍ധസെഞ്ചുറി നേടി. 37 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സാണ് ബാബര്‍ നേടിയത്. മുഹമ്മദ് നവാസ് 15 പന്തില്‍ നിന്നും 2 സിക്‌സും 2 ഫോറും സഹിതം 28 റണ്‍സ് നേടി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് അടിച്ചുകൂട്ടിയത്. 62 പന്തില്‍ 5 ഫോറും 16 സിക്‌സും സഹിതം 137 റണ്‍സെടുത്ത ഫിന്‍ അലനാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഫിന്‍ അലന്റെ രണ്ടാം ടി20 സെഞ്ചുറിയാണിത്. ഫിന്‍ അലനെ കൂടാതെ ടിം സെയ്‌ഫെര്‍ട്ട് 23 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സും ഗ്ലെന്‍ ഫിലിപ്പ് 15 പന്തില്‍ നിന്നും 19 റണ്‍സും നേടി.
 
പാകിസ്ഥാനായി ഹാരിസ് റൗഫ് 2 വിക്കറ്റ് വീഴ്ത്തിയെങ്കിലും 60 റണ്‍സ് വഴങ്ങി. ഷഹീന്‍ ഷാ അഫ്രീദി,സമാന്‍ ഖാന്‍,മുഹമ്മദ് നവാസ്,മുഹമ്മദ് വസീം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍