Babar Azam: ഓസ്ട്രേലിയക്കെതിരെ ഇത്രയും മോശം റെക്കോർഡോ ?ഫാബ് അഞ്ചിലല്ല പത്തിൽ പോലും ബാബർ പെടില്ല

അഭിറാം മനോഹർ

വെള്ളി, 5 ജനുവരി 2024 (19:50 IST)
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളായ നാലുപേരെയാണ് ഫാബുലസ് ഫോര്‍ എന്ന് വിശേഷിപ്പിക്കുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും പ്രധാനമായും ക്രിക്കറ്റിന്റെ പരമ്പരാഗത ഫോര്‍മാറ്റുകളായ ടെസ്റ്റിലും ഏകദിനത്തിലും മികവ് പുലര്‍ത്തുന്നവരാണ് ഈ താരങ്ങള്‍. വിരാട് കോലി,കെയ്ന്‍ വില്യംസണ്‍,സ്റ്റീവ് സ്മിത്ത്,ജോ റൂട്ട് എന്നിവരുള്ള ഫാബ് ഫോറില്‍ പലപ്പോഴും ഈ താരങ്ങളില്‍ ചിലരെ മാറ്റി രോഹിത് ശര്‍മ, ബാബര്‍ അസം,ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഉള്‍പ്പെടുത്തണമെന്ന് ആരാധകര്‍ അഭിപ്രായം പറയാറുണ്ട്.
 
ഫാബുലസ് ഫോറിന് തൊട്ട് പുറത്താണ് ഈ താരങ്ങള്‍ക്ക് ആരാധകര്‍ നല്‍കുന്ന സ്ഥാനം. ടെസ്റ്റ് ക്രിക്കറ്റില്‍ പുലര്‍ത്തുന്ന മികവ് ഫാബ് ഫോര്‍ വിശേഷണത്തില്‍ പ്രധാനമായിരിക്കെ ബാബര്‍ അസമിനെ പട്ടികയില്‍ ഉള്‍പ്പടുത്തണമെന്ന അഭിപ്രായം പൊതുവെ ഉയരാറുണ്ട്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയില്‍ വളരെ മോശം റെക്കോര്‍ഡാണ് ബാബര്‍ അസമിനുള്ളത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓസീസ് പര്യടനത്തിലും താരം ദയനീയമായ പ്രകടനമാണ് നടത്തുന്നത്.
 
ഓസ്‌ട്രേലിയക്കെതിരെ 3 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച 6 ഇന്നിങ്ങ്‌സുകളില്‍ നിന്നും 21 ശരാശരിയില്‍ വെറും 126 റണ്‍സ് മാത്രമാണ് ബാബര്‍ അസം നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ 16 ഇന്നിങ്ങ്‌സുകളാണ് ബാബര്‍ ഇതുവരെയായി കളിച്ചിട്ടുള്ളത്. ഇതില്‍ നിന്നും 25 റണ്‍സ് ശരാശരിയില്‍ 404 റണ്‍സ് മാത്രമാണ് ബാബര്‍ അസമിന്റെ സമ്പാദ്യം. ഇത്രയും മോശം ടെസ്റ്റ് റെക്കോര്‍ഡുള്ള ബാബര്‍ അസമിനെ ഫാബ് ഫോറിലല്ല പത്തില്‍ പോലും പെടുത്താനാകില്ലെന്നാണ് കണക്കുകള്‍ തെളിവ് നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍