കളിയിലെ താരമായ ശേഷം ഹിന്ദിയിൽ സംസാരിച്ച് സിറാജ്. പരിഭാഷകനായത് ബുമ്ര: രസകരമായ നിമിഷങ്ങൾ

അഭിറാം മനോഹർ

വെള്ളി, 5 ജനുവരി 2024 (14:12 IST)
Bumrah and Siraj
കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചപ്പോള്‍ മത്സരത്തില്‍ നേടിയ വിജയവുമായി പരമ്പര സമനിലയിലെത്തിക്കാന്‍ ഇന്ത്യന്‍ ടീമിനായിരുന്നു. കേപ്ടൗണ്‍ ടെസ്റ്റിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ 6 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനായിരുന്നു മത്സരത്തിലെ താരത്തിനുള്ള പുരസ്‌കാരം. സമ്മാനദാന ചടങ്ങിനെത്തിയ സിറജിന്റെ ഇംഗ്ലീഷ് പരിഭാഷകനായി എത്തിയത് സഹതാരമായ ജസ്പ്രീത് ബുമ്രയായിരുന്നു.
 
മത്സരത്തിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ 6 വിക്കറ്റ് നേട്ടവുമായി ബുമ്രയും മികച്ച പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരെ നടത്തിയത്. പുരസ്‌കാരം വാങ്ങികൊണ്ട് സിറാജ് ബുമ്രയെ പുകഴ്ത്തിയ വാക്കുകള്‍ ബോധപൂര്‍വം ഒഴിവാക്കിയായിരുന്നു ബുമ്രയുടെ പരിഭാഷ. ബൗളിംഗ് തുടങ്ങുമ്പോള്‍ ഏത് തരം പിച്ചാണെന്നും ഏത് ലെങ്തിലാണ് പന്തെറിയേണ്ടതെന്നും ബുമ്രയുടെ ആദ്യ ഓവര്‍ കഴിയുമ്പോഴെ എനിക്ക് മനസിലാകും. പിന്നീട് കൂടുതല്‍ തല പുകയ്‌ക്കേണ്ട കാര്യമില്ല. ബുമ്ര എന്ത് ചെയ്യുന്നുവോ അത് തന്നെ ചെയ്താല്‍ മതി. ബുമ്ര ഒരു ഭാഗത്ത് പന്തെറിയുന്നത് വലിയ ധൈര്യമാണെന്നായിരുന്നു സിറാജിന്റെ വാക്കുകള്‍.
 

Here is the clip https://t.co/IUekFmzich pic.twitter.com/08ScnOFx9z

— Vishal Misra (@vishalmisra) January 4, 2024
എന്നാല്‍ ഈ ഭാഗം പരിഭാഷപ്പെടുത്തിയപ്പോള്‍ തന്നെ പറ്റി പ്രശംസിച്ച ഭാഗങ്ങള്‍ ബുമ്ര ഒഴിവാക്കി.ഞങ്ങളുടെ പരിചയസമ്പത്ത് കാരണം വിക്കറ്റ് കാണുമ്പോഴെ ഏത് ലെങ്തില്‍ പന്തെറിയണമെന്നതിനെ പറ്റി മനസിലാകും. അത് ഞങ്ങള്‍ പരസ്പരം പങ്കുവെയ്ക്കും. അത്തരം ആശയവിനിമയങ്ങള്‍ സഹായിക്കാറുണ്ട് എന്നായിരുന്നു ബുമ്ര നല്‍കിയ പരിഭാഷ. ഈ പരിഭാഷയെ കൈയ്യടികളോടെയാണ് ആരാധകരും സ്വീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍