ജമല്‍ ജമാലെ, ജമാലെ ... ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ചരിത്രം തീര്‍ത്ത് പാകിസ്ഥാന്റെ ആമിര്‍ ജമാല്‍, ഓസ്‌ട്രേലിയക്കെതിരെ സര്‍പ്രൈസ് ലീഡ്
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സര്‍െ്രെപസ് ലീഡ് സ്വന്തമാക്കി പാകിസ്ഥാന്‍. 14 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്ങ്‌സ് 313 റണ്‍സിന് അവസാനിച്ചിരുന്നു. മുഹമ്മദ് റിസ്‌വാന് പുറമെ വാലറ്റത്ത് ബാറ്റുമായി ചെറുത്ത് നില്‍പ്പ് നടത്തിയ പേസര്‍ ആമിര്‍ ജമാലിന്റെ പ്രകടനമാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ ഇന്നിങ്ങ്‌സ് 299 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ആദ്യ ഇന്നിങ്ങ്‌സില്‍ വാലറ്റത്ത് ഗംഭീരമായ ചെറുത്ത് നില്‍പ്പ് നടത്തി പാകിസ്ഥാനെ 300 റണ്‍സ് കടത്തിയ യുവതാരം ആമിര്‍ ജമാലാണ് ഓസീസ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. 21.4 ഓവര്‍ പന്തെറിഞ്ഞ താരം 69 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് വീഴ്ത്തിയത്. പരമ്പരയിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണ് താരം നടത്തിയത്. നേരത്തെ ആദ്യ ഇന്നിങ്ങ്‌സ് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ മുഹമ്മദ് റിസ്‌വാന്‍,സല്‍മാന്‍ ആഘ,ആമിര്‍ ജമാല്‍ എന്നിവരുടെ പ്രകടനങ്ങളാണ് 300 റണ്‍സ് കടക്കുവാന്‍ സഹായിച്ചത്.റിസ്‌വാന്‍ 88ഉം സല്‍മാന്‍ ആഘ 53 റണ്‍സും ആമിര്‍ ജമാല്‍ 82 റണ്‍സുമാണ് മത്സരത്തില്‍ നേടിയത്.
ഓസീസിനായി മാര്‍നസ് ലബുഷെയ്‌നും മിച്ചല്‍ മാര്‍ഷും അര്‍ധസെഞ്ചുറികള്‍ നേടി.ഉസ്മാന്‍ ഖവാജ,ട്രാവിസ് ഹെഡ്,മിച്ചല്‍ മാര്‍ഷ്,പാറ്റ് കമ്മിന്‍സ്,നഥാന്‍ ലിയോണ്‍,ജോഷ് ഹേസല്‍വുഡ് എന്നിവരുടെ വിക്കറ്റുകളാണ് ആമിര്‍ ജമാല്‍ സ്വന്തമാക്കിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ 67 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലാണ്. 4 വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡാണ് പാകിസ്ഥാനെ തകര്‍ത്തത്. 5 റണ്‍സുമായി മുഹമ്മദ് റിസ്‌വാനും റൺസൊന്നുമെടുക്കാതെ ആമിർ ജമാലുമാണ് ക്രീസിലുള്ളത്.