2023ലെ ഐസിസിയുടെ മികച്ച ഏകദിനതാരം: ഷോർട്ട്‌ലിസ്റ്റിലുള്ള നാല് പേരിൽ മൂന്നും ഇന്ത്യൻ താരങ്ങൾ

അഭിറാം മനോഹർ

വെള്ളി, 5 ജനുവരി 2024 (19:10 IST)
ഐസിസിയുടെ 2023ലെ ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനുള്ള ഷോര്‍ട്ട്‌ലിസ്റ്റിലെ നാലുപേരില്‍ മൂന്നും ഇന്ത്യന്‍ താരങ്ങള്‍. വിരാട് കോലി,ശുഭ്മാന്‍ ഗില്‍,മുഹമ്മദ് ഷമി,ഡാരില്‍ മിച്ചല്‍ എന്നിവരെയാണ് പുരസ്‌കാരത്തിനായി ഐസിസി പരിഗണിക്കുന്നത്. കഴിഞ്ഞവര്‍ഷം 29 ഏകദിനമത്സരങ്ങളില്‍ നിന്നും 1584 റണ്‍സ് വാരികൂട്ടാന്‍ ശുഭ്മാന്‍ ഗില്ലിനായിരുന്നു.
 
അതേസമയം ഇക്കഴിഞ്ഞ ലോകകപ്പിലടക്കം മികച്ച പ്രകടനങ്ങളാണ് ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് ഷമിയും വിരാട് കോലിയും നടത്തിയത്. 2023ല്‍ ആകെ കളിച്ച 19 മത്സരങ്ങളില്‍ നിന്നും 43 വിക്കറ്റുകളാണ് ഷമി നേടിയത്. ലോകകപ്പില്‍ കളിച്ച 7 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകള്‍ സ്വന്തമാക്കി ടൂര്‍ണമെന്റിലെ മികച്ച ബൗളറെന്ന നേട്ടവും ഷമി സ്വന്തമാക്കിയിരുന്നു. അതേസമയം ലോകകപ്പില്‍ കളിച്ച 11 മത്സരങ്ങളില്‍ നിന്നും 765 റണ്‍സാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് നേട്ടവും കോലി മറികടന്നിരുന്നു. കഴിഞ്ഞ വര്‍ഷം 27 മത്സരങ്ങളില്‍ നിന്നും 1377 റണ്‍സാണ് താരം സ്വന്തമാക്കിയത്.
 
അതേസമയം കഴിഞ്ഞ കലണ്ടര്‍ വര്‍ഷം 1204 റണ്‍സാണ് ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ സ്വന്തമാക്കിയത്. ഏകദിന ലോകകപ്പില്‍ 69 റണ്‍സ് ശരാശരിയില്‍ 552 റണ്‍സ് നേടാനും മിച്ചലിനായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍