Asia cup 2023: ഏകദിനത്തിൽ കോലിയുടെ റെക്കോർഡുകൾ ഒന്നൊന്നായി തൂക്കി ബാബർ, വീണ്ടും റെക്കോർഡ് നേട്ടം

വ്യാഴം, 31 ഓഗസ്റ്റ് 2023 (13:12 IST)
ഏകദിനക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം റെക്കോര്‍ഡുകളുടെ കളിത്തോഴന്‍ എന്ന വിശേഷണം നേടിയ സ്റ്റാര്‍ ബാറ്ററാണ് ഇന്ത്യന്‍ താരമായ വിരാട് കോലി. മത്സരങ്ങളുടെ എണ്ണവും ബാറ്റിംഗ് ശരാശരിയും കണക്കിലെടുക്കുമ്പോള്‍ ഏകദിനത്തില്‍ സച്ചിന് മുകളില്‍ നില്‍ക്കുന്ന പ്രകടനമാണ് കോലി പുറത്തെടുത്തിട്ടുള്ളത്. ഏകദിനത്തിലെ പല റെക്കോര്‍ഡുകളും സച്ചിനില്‍ നിന്ന് കോലി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
 
എന്നാല്‍ ഏകദിനത്തില്‍ കോലിയുടെ നേട്ടങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് പാക് സ്റ്റാര്‍ ബാറ്ററായ ബാബര്‍ അസം ഉയര്‍ത്തുന്നത്. ഇന്നലെ ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ 151 റണ്‍സാണ് ബാബര്‍ അസം നേടിയത്. ഇതോടെ ഏകദിനത്തില്‍ 19 സെഞ്ചുറികള്‍ കുറിക്കാന്‍ ബാബര്‍ അസമിനായി. ഇത്രയും സെഞ്ചുറികള്‍ കുറിക്കുവാന്‍ വെറും 102 ഇന്നിങ്ങ്‌സുകള്‍ മാത്രമാണ് ബാബര്‍ എടുത്തത്. 124 ഇന്നിങ്ങ്‌സുകളില്‍ നിന്നായിരുന്നു കോലി ഇത്രയും സെഞ്ചുറികള്‍ സ്വന്തമാക്കിയത്. സെഞ്ചുറിയോടെ ഏഷ്യാകപ്പില്‍ 1ക്യാപ്റ്റനെന്ന നിലയില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും ബാബര്‍ സ്വന്തമാക്കി. 2014ല്‍ നായകനായിരിക്കെ ബംഗ്ലാദേശിനെതിരെ വിരാട് കോലി നേടിയ 136 റണ്‍സായിരുന്നു ഇതുവരെ ടോപ് സ്‌കോര്‍.
 
നിലവില്‍ 104 മത്സരങ്ങളില്‍ നിന്നും 59.48 റണ്‍സ് ശരാശരിയില്‍ 5353 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയിട്ടുള്ളത്. 19 സെഞ്ചുറിയും 28 അര്‍ധസെഞ്ചുറിയുമടക്കമാണ് ഇത്രയും റണ്‍സ് ബാബര്‍ സ്വന്തമാക്കിയത്. വിരാട് കോലിയാകട്ടെ 275 ഏകദിനങ്ങളില്‍ നിന്നും 57.32 റണ്‍സ് ശരാശരിയില്‍ 12,898 റണ്‍സാണ് ഏകദിനത്തില്‍ നേടിയിട്ടുള്ളത്. ലോകക്രിക്കറ്റില്‍ ഏകദിനമത്സരങ്ങള്‍ കുറവായതിനാല്‍ തന്നെ ഏകദിനത്തിലെ കോലിയുടെ പല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ ബാബര്‍ അസമിന് കഴിഞ്ഞേക്കില്ലെങ്കിലും ഏകദിനത്തില്‍ കോലിയുടെ പല നേട്ടങ്ങള്‍ക്കും വെല്ലിവിളിയാകാനും തകര്‍ത്തെറിയാനും ബാബറിന് സാധിക്കുമെന്ന് തന്നെയാണ് കഴിഞ്ഞ കുറച്ച് കാലമായി അയാളുടെ പ്രകടനങ്ങള്‍ തെളിവ് നല്‍കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍